ഫ്രാൻസിസ് തടത്തിൽ എഴുതിയ “നാലാം തൂണിനപ്പുറം”എന്ന പുസ്തകത്തിൽ നിന്നും .
തൃശൂര്‍ എലൈറ്റ് ബാര്‍ ഇന്റര്‍വ്യൂവിന്റെ രണ്ടാം ദിവസം മദ്യപാനത്തില്‍ ആകൃഷ്ടനായി എന്നെ കാത്തിരിക്കുന്ന നവാബിനെ കണ്ട് കലികയറിയ ഞാനദ്ദേഹത്തോട് ചോദിച്ചു ഇത് ഇന്റര്‍വ്യൂവിനു വന്നതോ അതോ സൊറ പറയാന്‍ വന്നതോ …രണ്ടിനുമെന്നു കൂട്ടിക്കോ …നിനക്കെന്താ ഇന്നലെ ഒന്നും കിട്ടിയില്ലേ എന്നു നവാബ്. തലേദിവസം മൂന്നു നാലു ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം നല്‍കിയ ഷോക്ക് ഒരൊന്നൊന്നര കിട്ടലായിരുന്നല്ലോ .. അതു കൊണ്ട് ചെറിയ പരുങ്ങലോടെ ഞാനറിയാതെ തലയാട്ടി .
അധികം വൈകാതെ നവാബ് ചില സിഗരറ്റു പാക്കറ്റുകളില്‍ നിന്നായി കുറേ തുണ്ടുകടലാസുകള്‍ മേശപ്പുറത്തേക്കു വാരിവിതറിക്കൊണ്ടു പറഞ്ഞു ഇതാണെന്റെ നിയമപുസ്തകം , ഇതാണെന്റെ ഡോക്യുമെന്റുകള്‍,ഇതാണെന്റെ ലോ പോയിന്റുകള്‍ ….അദ്ദേഹം പറഞ്ഞതു പരമസത്യം ആ കടലാസുകുറിപ്പുകളത്രയും ലോ പോയിന്റുകളായിരുന്നു. കേരള ലോ ടൈംസിലും ഇന്ത്യയൊട്ടുക്കുള്ള ഹൈക്കോടതികളുടെയും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടേതുമടക്കം നിരവധി വിധി പുസ്തകങ്ങളില്‍ ഇടം പിടിച്ച സുപ്രധാന വിധികളുടെ പ്രഥമസ്രോതസാണീ തുണ്ടു കടലാസുകള്‍.
അവിശ്വസനീയതയോടെ ആ തുണ്ടുകടലാസുകളിലേക്കു നോക്കിയപ്പോള്‍ നവാബ് വിശദീകരിച്ചു തുടങ്ങി…ഫ്രാന്‍സിസ്, ഞാന്‍ പറഞ്ഞില്ലേ , എനിക്കു സ്വന്തമായി നിയമപുസ്തകങ്ങളില്ല , ലൈബ്രറിയില്ല , ഗുമസ്തന്മാരില്ല, ക്ലര്‍ക്കുമാരില്ല ..സ്വന്തമായി ആകെയുള്ളത് കോമണ്‍സെന്‍സ് മാത്രം …എന്റെ ലോപോയിന്റുകള്‍ ഉരുത്തിരിയുന്നത് ഈ ബാറിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബാറുകളിലോ ആയിരിക്കും. സ്വസ്ഥമായി മദ്യപിച്ചിരിക്കുമ്പോള്‍ എന്റെ മനസില്‍ പിറ്റേ ദിവസത്തെ കോടതി നടപടിക്രമങ്ങളെക്കുറിച്ചുള്ള ചിന്തകളായിരിക്കും . എവിടെ തുടങ്ങണം …എങ്ങനെ തുടങ്ങണം …. എന്തായിരിക്കണം എന്റെ തുറുപ്പുചീട്ട് എന്നാഴത്തില്‍ ചിന്തിച്ചു കൊണ്ടിരിക്കും. ഒന്നും രണ്ടുമല്ല , മണിക്കൂറുകള്‍ നീളുന്ന ചിന്തകള്‍ക്കിടെ ഉരുത്തിരിയുന്ന ഓരോ പോയിന്റുകളും കയ്യില്‍ കിട്ടുന്ന തുണ്ടുകടലാസില്‍ അപ്പോള്‍ത്തന്നെ കുറിച്ചു വയ്ക്കും. അതു സിഗരറ്റു പാക്കറ്റിന്റെ അകത്തെ തുണ്ടു കടലാസുകളാവാം. മുഖം തുടക്കുന്ന ടിഷ്യൂപേപ്പറുകളാവാം . ആശയങ്ങള്‍ ആറിത്തണുക്കും മുമ്പു കുറിച്ചിടുകയാണ് പ്രധാനം. എത്ര മദ്യപിച്ചാലും പിറ്റേദിവസത്തേക്കുള്ള ലോ പോയിന്റുകള്‍ ഈ തുണ്ടുകടലാസുകളില്‍ എന്റെ പോക്കറ്റില്‍ ഭദ്രമായിരിക്കും . പിറ്റേന്നു രാവിലെ എഴുന്നേറ്റാല്‍ ഏതെങ്കിലും വക്കീല്‍ സുഹൃത്തുക്കളുടെ ഓഫീസില്‍ പോകും . അവരുടെ ക്ലര്‍ക്കുമാരെ ഉപയോഗിച്ച് ഡിക്‌റ്റേഷന്‍ .അവിടുത്തെ തന്നെ ലൈബ്രറിയില്‍ നിന്ന് റഫറന്‍സ് .കോടതി നടപടിക്രമം തുടങ്ങും മുമ്പ് ഫൈനല്‍ ഡ്രാഫ്റ്റ് റെഡി. ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു
എല്ലാ വക്കീലന്മാരും തലേദിവസം തലപുകഞ്ഞ് പുസ്തകം ചികഞ്ഞ് ലോ പോയിന്റുകള്‍ ഉണ്ടാക്കാന്‍ പെടാപ്പാട് നടത്തുമ്പോള്‍ നവാബ് രാജേന്ദ്രന്‍ എന്ന ശല്യക്കാരനായ വ്യവഹാരിയാകട്ടെ , ഏതെങ്കിലും ബാറിലിരുന്നു മദ്യപിക്കുന്നതാണ് പലരും കാണുന്നത് . പലരും കരുതുന്നത് എനിക്കെന്തോ ദിവ്യശക്തിയുണ്ടെന്നാണ്. കാവിയുടുക്കുന്നതു കൊണ്ടാകാമിത് . എന്തായാലും ഈ കാവി എനിക്കു പലപ്പോഴും ഗുണം ചെയ്തിട്ടുണ്ട്. ഇത്രയും പഞ്ഞ് അദ്ദേഹം എന്റെ മുഖത്തോട്ടു നോക്കി…ഒരു നേര്‍ത്ത പുഞ്ചിരി ആ മുഖത്തു വിരിയുന്നതു ഞാന്‍ കണ്ടു .
ഇനിയൊരു രസം പറയാം ..അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ സുപ്രീം കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയ്ക്കു പോയി. ഒരു സന്ധ്യാസമയം . സാമാന്യം മദ്യപിച്ച് ഒരു പാര്‍ക്കിലെ മരച്ചുവട്ടിലിരിക്കുകയായിരുന്നു .നല്ല തണുപ്പുകാലമായിട്ടു പോലും അധികമൊന്നും കമ്പിളി വസ്ത്രങ്ങള്‍ ധരിക്കാതെയാണു ഞാനിരുന്നിരുന്നത് .കേസിന്റെ കാര്യത്തെക്കുറിച്ചു തലപുകച്ചിരുന്ന് മയങ്ങിപ്പോയതറിഞ്ഞില്ല . എന്നെക്കണ്ടാല്‍ ധ്യാനനിമഗ്‌നനായിരിക്കുകയാണെന്നേ തോന്നുകയുള്ളു . ധരിച്ചിരുന്ന തൊപ്പി ഊരി മലര്‍ത്തി വച്ചിരിക്കുകയായിരുന്നു . കണ്ണു തുറന്നു നോക്കുമ്പോള്‍ എനിക്കു ചുറ്റും അഞ്ചാറു കുടുംബങ്ങള്‍ ഭക്തിപുരസരം കൈകൂപ്പി നില്‍ക്കുന്നു .ഈ കൊടും തണുപ്പത്തും തണുപ്പു വസ്ത്രം പോലും ധരിക്കാതെ ധ്യാനിച്ചിരിക്കുന്ന ഈ ദിവ്യന്‍ യഥാര്‍ഥത്തിലൊരാള്‍ ദൈവം തന്നെ എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകും . നോക്കുമ്പോള്‍ എന്റെ തൊപ്പിക്കകത്ത് നിറയെ പണം . ഞാന്‍ ദിവ്യനോ ആള്‍ദൈവമോ അല്ലെന്ന് അറിയാവുന്ന മുറിഹിന്ദിയില്‍ പറഞ്ഞു നോക്കിയെങ്കിലും അവര്‍ വിടാന്‍ ഭാവമില്ല . അവര്‍ക്കൊരാവശ്യം മാത്രം …എല്ലാവര്‍ക്കും എന്റെ അനുഗ്രഹം വേണം ..ഗതികെട്ടെന്നു പറയട്ടെ അവരില്‍ നിന്നു തലയൂരാന്‍ വേണ്ടി ഞാന്‍ എല്ലാവരെയും കയ്യുയര്‍ത്തി അനുഗ്രഹിച്ചു..അപ്പോഴേയ്ക്കും മലര്‍ന്നിരുന്ന തൊപ്പിക്കകം പണം കൊണ്ടു നിറഞ്ഞു…! വേണ്ടെന്നു ഞാന്‍ അറിയാവുന്ന ഹിന്ദിയിലൊക്കെ ആവര്‍ത്തിച്ചു പറഞ്ഞു …കേള്‍ക്കില്ല…പിന്നെന്തു ചെയ്യാന്‍ ? അദ്ദേഹം ഒരു പുഞ്ചിരിയോടെ പറഞ്ഞു നിര്‍ത്തി .
കേസു നടത്താനും മറ്റും അദ്ദേഹത്തിനവിടുന്ന് ഇത്ര പണം ലഭിക്കുന്നു എന്നത് ..സ്വന്തമായി യാതൊരു വരുമാനവുമില്ലാത്ത നവാബിന്റെ ജീവിതച്ചെലവ് …ഒക്കെ ഒരു പ്രഹേളികയായിരുന്നു പലര്‍ക്കും . അതിന്റെ പിന്നിലുമുണ്ട് ചില രസമുള്ള ബന്ധങ്ങളുടെ കഥകള്‍..അതിങ്ങനെ
പതിവായി തല ചായ്ക്കുന്ന പ്രീമിയര്‍ ലോഡ്ജിന്റെ ഉടമകള്‍ വന്‍ ഇളവു ചെയ്തു കൊടുക്കും . ബാറിലും കുടിശിക കൂടുമ്പോള്‍ ഇളവു ലഭിക്കും. പലപ്പോഴും നിയമവിദ്യാര്‍ത്ഥികളുടെയും വക്കീലന്മാരുടെയും വക സൗജന്യമാണ് മദ്യപാനം . ഒരു വീടുകളിലും പോയി മദ്യപിക്കില്ല, സ്ഥിരമായി മദ്യപിക്കുന്ന ബാറുകളിലല്ലാതെ ..അവിടെ നവാബിനെ തേടി ചെലവ് എത്തിയിരിക്കും . എത്ര മദ്യം വാങ്ങിക്കൊടുത്താലും ആരുടെയും പ്രലോഭനത്തിനു വഴങ്ങുന്ന പ്രശ്‌നമില്ല .തൃശൂരിലെ തന്നെ വളരെ പ്രശസ്തമായ റസ്‌റ്റോറന്റ് ഭാരത് ഹോട്ടല്‍ നവാബിന്റെ സ്വന്തം വീടു പോലെയാണ് . ഹോട്ടലുടമകളും നവാബിന്റെ കുടുംബവും പൂര്‍വികരായിത്തന്നെ കുടുംബസുഹൃതതുക്കളാണ് . അതിനാല്‍ ഭക്ഷണം സൗജന്യം …അവിടെ നവാബിനിരിക്കാനും വിശ്രമിക്കാനുമായി പ്രത്യേകം സ്ഥലവുമൊരുക്കിയിട്ടുണ്ടവര്‍ ..
നിയമവിദ്യാര്‍ഥികളുടെ മുട്ട്‌കോര്‍ട്ട് മത്സരം നടക്കുന്ന ദിവസം നവാബിനു ചാകരയാണ് . അദ്ദേഹമെവിടെയാണെങ്കിലും അവരദ്ദേഹത്തെ തപ്പിയെത്തിയിരിക്കും . നവാബിനോടൊത്തുള്ള മദ്യപാനവേളയില്‍ സിരകളെ അറിവുകളാകുന്ന ലഹരിയാല്‍ നിറയ്ക്കുമെന്നാണ് വിദ്യാര്‍ഥി പക്ഷം .
തൃശൂര്‍ പ്രീമിയര്‍ ലോഡ്ജിലാണു വാസമെങ്കിലും നവാബിന്റെ മേല്‍വിലാസം വീണിടം വിഷ്ണുലോകമെന്നത്രെ . ഒരിക്കല്‍ നവാബ് എന്നെ ഒരു പോസ്റ്റ് കവര്‍ കാണിച്ചു . അതില്‍ അഡ്രസ് ഇങ്ങനെ എഴുതിയിരുന്നു….ശ്രീ നവാബ് രാജേന്ദ്രന്‍ , തൃശൂര്‍ , എറണാകുളം ഹൈക്കോടതി അല്ലെങ്കില്‍ കോഴിക്കോട് .
കത്ത് ആദ്യമെത്തിയത് ഹൈക്കോടതിയിലായിരുന്നു .അവിടെ നവാബില്ലെന്നു കണ്ടതോടെ തൃശൂര്‍ക്ക് റീഡയറക്റ്റ് ചെയ്തു. കൃത്യം രണ്ടാമത്തെ ആഴ്ച കത്ത് നവാബിന്റെ കൈകളിലെത്തി . …അതായിരുന്നു ആ ശല്യക്കാരനായ വ്യവഹാരി
ലീഡറോടും അണികളോടുമുള്ള അദ്ദേഹത്തിന്റെ പ്രതികാരാഗ്‌നിയില്‍ കസേര തെറിച്ച പലരുമുണ്ട് അതിലൊരാളാണ് പൈപ്പ് ഗംഗാധരന്‍ . രണ്ടു കാര്യങ്ങളിലാണദ്ദേഹം കുപ്രസിദ്ധനായത് . ഒന്ന് പൈപ്പ് കുംഭകോണം . രണ്ട് ബാലവിവാഹം . ജലസേചന വകുപ്പു മന്ത്രിയായിരിക്കെ പൈപ്പു വാങ്ങിക്കൂട്ടിയതിലെ അഴിമതിയാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. 18 വയസാകാത്ത മകളുടെ പ്രായം മറച്ചു വച്ച് കല്യാണം നടത്തിയതാണ് അടുത്തത് . അതിലും അദ്ദേഹത്തിനു കസേര തെറിച്ചു. തെറിപ്പിച്ചതിനു കരുനീക്കിയതാകട്ടെ നവാബിന്റെ നിയമയുദ്ധമുറയും ! . ബാലവിവാഹക്കാര്യത്തില്‍ നവാബു നടത്തിയ നിയമയുദ്ധത്തെ തുടര്‍ന്ന് വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയെന്നാണ് കോടതി ഈ കേസിനെ പരാമര്‍ശിച്ചത് . നിയമം നടപ്പാക്കേണ്ട കാവലാളുകള്‍ നിയമലംഘകരാകുന്നതു കോടതിയുടെ ശ്രദ്ധയില്‍പെട്ടതോടെ നിയമസഭ ഇളകി മറിഞ്ഞു . നവാബു കൊളുത്തി വിട്ട വെടിമരുന്ന് കേരള രാഷ്ട്രീയത്തിലാകെ പടര്‍ന്നു പൊട്ടിത്തെറിച്ചു . തുടര്‍ന്ന് അദ്ദേഹത്തിനു മന്ത്രിസ്ഥാനം രാജിവയ്ക്കുകയല്ലാതെ മറ്റു പോംവഴിയില്ലെന്നായി. തന്നെയുമല്ല , ആഘോഷമായി നടത്തിയ പ്രിയപുത്രിയുടെ വിവാഹം മുന്‍കാലപ്രാബല്യത്തോടെ അസാധുവാക്കേണ്ടിയും വന്നു ! അതായിരുന്നു നവാബ് രാജേന്ദ്രന്‍ എന്ന ശല്യക്കാരനായ വ്യവഹാരി …
നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇന്ത്യന്‍ റെയില്‍വേയുടെ പ്ലാറ്റ്‌ഫോമിലും ട്രെയിനിനകത്തും വില്‍ക്കുന്ന കുടിവെള്ളത്തിനും ഭക്ഷണത്തിനും മിതമായ നിരക്കെന്ന് ? ഒരു കാലത്ത് കുടിവെള്ളത്തിന്റെ പേരില്‍ തീവെട്ടിത്തുക ഈടാക്കിയ റെയില്‍വേ വെണ്ടര്‍മാര്‍ക്ക് നവാബു നല്‍കിയ എട്ടിന്റെ പണിയാണ് ഇന്നു നാമനുഭവിക്കുന്ന ഈ സൌജന്യം . പണ്ട് 10 മുതൽ 15 രൂപ വരെ കുടിവെള്ളത്തിനു വിലയുള്ളപ്പോള്‍ റെയില്‍വേസ്‌റ്റേഷനുകളില്‍ കുടിവെള്ളത്തിന് 20 രൂപയായിരുന്നു . ഇതിനെതിരെ നവാബു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് റെയില്‍വേയിലെ യാത്രക്കാരുടെ ദുരിതം മനസിലാക്കി രാഷ്ട്രത്തിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പത്തു രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നുത്തരവിടാന്‍ സുപ്രീം കോടതിയ്ക്കു പ്രചോദനമായത് .