ബേബി ഊരാളിൽ, മാത്യു ചെരുവിൽ, അനു സ്കറിയ എന്നിവരെ ഫോമാ ഇലക്ഷൻ കമ്മീഷനർമാരായി നാഷണൽ കമ്മിറ്റി തെരെഞെടുത്തു. ബേബി ഊരാളിൽ ആണ് മുഖ്യ ഇലക്ഷൻ കമ്മീഷണർ.
ഇലക്ഷൻ സംബന്ധിച്ച നിർദേശങ്ങളും തീരുമാനങ്ങളും കമ്മീഷൻ അറിയിക്കും. ഇലക്ഷൻ സുതാര്യവും നിഷ്പക്ഷവുമായി നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു ബേബി ഊരാളിൽ പറഞ്ഞു.
ഫോമായുടെ സ്ഥാപകരിലൊരാളും മൂന്നാമത്തെ പ്രസിഡന്റുമാണ് ബേബി ഊരാളിൽ. പിന്നീട് അഡ്വൈസറി ബോർഡ് ചെയർ ആയി പ്രവർത്തിച്ചു. സംഘടനക്ക് കരുത്തുറ്റ അടിത്തറ പാകുന്നതിൽ മുഖ്യപങ്കു വഹിച്ച നേതാവാണ്. മലയാളം ടെലിവിഷന്റെ സി.ഇ.ഒ , കെ.സി.സി.എന്‍.എയുടെ മുന്‍ പ്രസിഡന്റ് തുടങ്ങിയ എല്ലാ പദവികളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളാസെന്ററിന്റെ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി
അവിഭക്ത ഫൊക്കാന ജനറൽ സെക്രട്ടറിയും ഫോമാ ജുഡീഷ്യൽ കമ്മീഷൻ ചെയറുമായിരുന്ന മാത്യു ചെരുവിൽ സംഘടനയിൽ ഏറെ ആദരിക്കപ്പെടുന്ന നേതാവാണ്. ഏവരുമായും നല്ല ബന്ധം കാക്കുന്ന അദ്ദേഹത്തെപ്പോലെ ചുരുക്കം പേരേയുള്ളു. ഡിട്രോയിട് മലയാളി അസോസിയേഷനിൽ ദീർഘകാലമായി പ്രവർത്തിക്കുന്നു. ഫോമാ ബൈലോ കമ്മിറ്റി ചെയറായും പ്രവർത്തിച്ചു.
സംഘടനയുടെ യുവത്വത്തിന്റെ പ്രതീകമാണ് അനു സ്കറിയ. മലയാളി അസോസിയേഷൻ ഓഫ് ഫിലാഡൽഫിയയിലെ സജീവ പ്രവർത്തകനായ അനു ഫോമാ നാഷണൽ കമ്മിറ്റി അംഗമായിരുന്നു. പ്രായത്തേക്കാൾ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തി. മികച്ച സംഘാടകൻ എന്ന് പേരെടുത്തിട്ടുള്ള അനു , ഫോമാ യൂത്ത് കോർഡിനേറ്ററും മാപ്പ് പ്രസിഡന്റ്റും ആയിരുന്നു. മാപ്പിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു