എ.എസ് ശ്രീകുമാര്‍
ഷിക്കാഗോ: സംപ്രേഷണം ആരംഭിച്ചതു മുതല്‍ അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട തോമസ് വി ഔസേഫ് സി.പി.എ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സൗമ്യ ഭാവമുള്ള മനുഷ്യ സ്‌നേഹി ആണ്.
തോമസ് വി ഔസേഫ് സി.പി.എക്ക് 'ഓന്‍ട്രപ്രൂണേറിയല്‍ സ്റ്റാള്‍വേര്‍ട്ട് അവാര്‍ഡ്' സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിതവും കലാപ്രാവീണ്യവും വൈവിധ്യമാര്‍ന്ന റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു തോമസ് വി ഔസേഫ് സി.പി.എയെ ഹദയംഗമമായി ആദരിച്ചത്.
അമേരിക്കന്‍ മലയാളികള്‍ക്ക് മികച്ച പ്രോഗ്രാമുകള്‍ ഉചിതമായ സമയത്ത് കാണുവാനുള്ള പ്രത്യേക പ്ലേ ഔട്ടുമായി അമേരിക്കയിലെത്തിയ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ആയിരത്തോളം പേര്‍ വാര്‍ഷികാഘോഷത്തിന് സാക്ഷ്യം വഹിച്ചു. ഉല്‍സവ പ്രതീതി ഉണര്‍ത്തിയ ചടങ്ങില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്താണ് ഇല്ലിനോയിലെ ഡെസ്‌പ്ലെയിന്‍സില്‍ നിന്നുള്ള തോമസ് വി ഔസേഫ് സി.പി.എക്ക് പുരസ്‌കാരം സമ്മാനിച്ചത്.
പതിനാല് വര്‍ഷം മുന്‍പ് സി.പി.എ ലൈസന്‍സ് കരസ്ഥമാക്കിയ തോമസ് വി ഔസേഫ് പാര്‍ക്ക് റിഡ്ജിലെ റിലയബിള്‍ ടാക്‌സ് ആന്റ് അക്കൗണ്ടിങ് ഐ.എന്‍.സിയില്‍ സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ടന്റായി ജോലിചെയ്യുന്ന വ്യക്തിയാണ്. സാമ്പത്തിക രംഗത്തെ കഴിവും അനുഭവസമ്പത്തും കോര്‍ത്തിണക്കി തന്റെ കര്‍മ്മപഥത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച അപൂര്‍വ പാരമ്പ്യത്തിനുടമയാണ് തോമസ് വി ഔസേഫ്‌സി.പി.എ.
തൃശ്ശൂര്‍ ജില്ലയിലെ മാളക്കടുത്ത് മേലാറ്റൂര്‍ എന്ന ജില്ലയിലാണ് തോമസ് വി ഔസേറിന്റെ ജനനം. മേലാറ്റൂര്‍ ഗവര്‍ന്മെന്റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് എംകോമും നേടി 2001 ല്‍ അമേരിക്കയില്‍ എത്തിയ തോമസ് വി ഔസേഫ്, ബെനഡിക്റ്റീന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അക്കൗണ്ടിങ് ആന്റ് ഫിനാന്‍സില്‍ എം.ബി.എയും കരസ്ഥമാക്കി. തന്റെ 22 വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ അദ്ദേഹം കൈവരിച്ചു.
രണ്ട് വര്‍ഷം മുന്‍പ് കരിയറിലെ എറ്റവും മികച്ച നേട്ടമായി കമ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് തോമസ് വി ഔസേഫ് സി.പിഎയെ തേടി എത്തുകയുണ്ടായി. ഭാര്യ ബിന്ദു, മക്കള്‍ ആന്‍ഡ്രൂ, മെറീന, ജെയംസ് എന്നിവര്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന തോമസ് സാമ്പത്തിക രംഗത്ത് ഒട്ടേറെ പേരുടെ ഉപദേഷ്ടാവും വഴികാട്ടിയുമാണ്.
ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു തോമസ് വി ഔസേഫ്‌സി.പി.എ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്സ് തീയേറ്ററിലായിരുന്നു വര്‍ണാഭമായ ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറിത്.
ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ആറാം വാര്‍ഷിക ആഘോഷരാവ് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് ആവേശമായി.