കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛൻ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. പ്രതി മൊഴി നൽകിയത്് വിജയന്റേതാണ് മൃതദേഹം എന്നാണ്. പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തിരുന്നു.
കാർഡ്‌ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്റ്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. തറയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഒരു കാർഡ്‌ബോർഡ് കൂടിനകത്ത് മൂന്നായി മടങ്ങി പാന്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അസ്ഥിമാത്രമാണുള്ളത്.''
