മുപ്പത്താറു മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തില്‍ മുപ്പത്തി മുക്കോടി ദേവതകള്‍ പങ്കെടുക്കുമെന്നാണു സങ്കല്‍പം. ജനസാഗരം നിറയുന്ന പൂരത്തിനു 33 കോടി ദേവീദേവന്മാര്‍ എത്തുമെന്ന സങ്കല്‍പത്തിനു പിറകിലുള്ള വിശേഷം എന്താണ്? വേദോപനിഷത്തുകളില്‍ പരാമര്‍ശിച്ച പ്രപഞ്ചശക്തികളെല്ലാമാണ് 33 കോടി ദേവതകള്‍. ഇതടക്കം തൃശൂര്‍ പൂരത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത വിസ്മയജനകമായ വിശേഷങ്ങളുമായി ഇംഗ്‌ളീഷില്‍ ഒരു ദാര്‍ശനിക ഗ്രന്ഥം.
തൃശൂര്‍ പൂരത്തിന്റെ വിശേഷങ്ങളില്‍നിന്ന് ഇന്ത്യന്‍ സംസ്‌കൃതിയുടെ വിശാലതയിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന 'ഇന്‍ സേര്‍ച്ച് ഓഫ് ഫിലോസിയ' എന്ന ഗ്രന്ഥം രചിച്ചതു തൃശൂര്‍ക്കാരി എഴുത്തുകാരിയായ ശ്രീജ രാമനാണ്. തൃശൂര്‍ പൂരത്തെ മാത്രമല്ല, ഇന്ത്യന്‍ ദാര്‍ശനകിതയെത്തന്നെ ഇംഗ്‌ളീഷ് ഭാഷയില്‍ അത്യപൂര്‍വമായ വാക്ചാതുരിയോടെ ലോകത്തിനു മുന്നില്‍ തുറന്നുവയ്ക്കുകയാണ് ഈ ഗ്രന്ഥം. ഇന്ത്യയുടെ പാമ്പര്യവും സാംസ്‌കാരികതയും ഫിലോസഫിയുമെല്ലാം ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യുന്ന ഗ്രന്ഥം എന്നാണ് ശശി തരൂര്‍ എംപി ഗ്രന്ഥത്തിന്റെ ആമുഖത്തില്‍തന്നെ പറയുന്നത്.
പെരുവനം, ആറാട്ടുപുഴ പൂരങ്ങളിലെ പടലപിണക്കത്തില്‍നിന്നു പിറവിയെടുത്ത തൃശൂര്‍ പൂരത്തില്‍നിന്നു കുട്ടനെല്ലൂര്‍ വിഭാഗക്കാര്‍ വിട്ടുപോയതടക്കമുള്ള വിശേഷങ്ങള്‍. മാസ്മരികമായ പൂരച്ചടങ്ങുകള്‍, വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടങ്ങളും കോലങ്ങളുമായി ആനപ്പുറമേറുന്ന എഴുന്നള്ളിപ്പുകള്‍, ആരേയും തുള്ളിച്ചുകളയുന്ന മേളവിസ്മയങ്ങള്‍, വര്‍ണവസന്തമൊരുക്കുന്ന കുടമാറ്റം, മാനത്തു അഗ്നിപ്പൂക്കളങ്ങള്‍ വിരിയിക്കുന്ന വെടിക്കെട്ട്, അതിനെല്ലാമിടയില്‍ ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടം, പൂരക്കച്ചവടം, തെരുവഭ്യാസങ്ങള്‍ തുടങ്ങിയ മതിവരാക്കാഴ്ചകളെല്ലാം അസാമാന്യ വാക്ചാതുരിയോടെ ശ്രീജ വിവരിക്കുന്നുണ്ട്.
പൂരം നിരക്കുന്ന സ്വരാജ് റൗണ്ട് ഒരു ഭ്രമണപഥമാണ്. പൂരത്തിലലിഞ്ഞു നടന്നു തുടങ്ങിയാല്‍ ആ ഭ്രമണപഥത്തിലൂടെ കറങ്ങിക്കൊണ്ടേയിരിക്കും. ആ ഭ്രമണപഥത്തില്‍നിന്ന് ഇന്ത്യ, ഹിന്ദു, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ ഏഴു ഭ്രമണപഥങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും പൂരത്തിന്റെ ഭ്രമണപഥത്തിലേക്കു തിരിച്ചെത്തുന്ന രചന. പൂരം അടക്കമുള്ള ഉല്‍സവങ്ങള്‍ക്കു പിറകിലെ കഥകള്‍, പുരാണങ്ങള്‍, വേദോപനിഷത്തുകള്‍, ഈശ്വരസങ്കല്‍പങ്ങള്‍, വിശ്വാസങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ മേഖലകളിലൂടെ നമ്മെ നയിക്കുന്നു. രാജ്യത്തെ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള രണ്ടു ഡസനിലേറെ ക്ഷേത്രങ്ങളും കേരളത്തിലെ തെയ്യം, മുടിയേറ്റ്, പടയണി അടക്കമുള്ള തനതു ക്ഷേത്രകലകളുമെല്ലാം ഈ യാത്രയില്‍ കാണാം. ഇന്ത്യയില്‍ വിശ്വാസികളേക്കാള്‍ ഉദ്ധിഷ്ടകാര്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവരാണെന്നും ശ്രീജ രാമന്‍ ചൂണ്ടിക്കാണിക്കുന്നു. 12 വര്‍ഷം നീണ്ട ഗവേഷണപഠനങ്ങളില്‍നിന്നു കണ്ടെടുത്ത ജ്ഞാനത്തിന്റെ മുത്തുകളാണ് 'ഫിലോസിയ'യിലുള്ളത്.
തൃശൂര്‍ പൂരത്തെ മാത്രമല്ല, ഇന്ത്യന്‍ സംസ്‌കൃതിയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഗ്രന്ഥമെന്ന നിലയിലാണ് 'ഇന്‍ സേര്‍ച്ച് ഓഫ് ഫിലോസിയ' ചര്‍ച്ചയാകുന്നത്.
വിദേശ വനിതയും സുഹൃത്തുമായ ജെന്നിക്കു തൃശൂര്‍ പൂരത്തേയും പൂരവിശേഷങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ടാണു ശ്രീജ രാമന്റെ ഗ്രന്ഥരചന. 388 പേജുള്ള 'ഇന്‍ സേര്‍ച്ച് ഓഫ് ഫിലോസിയ' ഏതാനും മാസംമുമ്പ് ഐവറി ബുക്‌സാണു പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ നിരവധി പുസ്തകോല്‍സവങ്ങളില്‍ ചര്‍ച്ചയായ ഈ ഗ്രന്ഥം ആഴ്ചകള്‍ക്കകം രണ്ടാം പതിപ്പും പിന്നിട്ടിരിക്കുകയാണ്. കിന്‍ഡെല്‍, ആമസോണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ബെസ്റ്റ് സെല്ലറാണ്.