തിരുവനന്തപുരം: ബി.ജെ.പി കൂറുമാറ്റ വിവാദത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിൽ. പാപികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പരസ്യശാസനക്ക് സമാനം. പിണറായിയുടെ കടുത്ത പ്രതികരണം, ഇ.പി. ജയരാജന്റെ നീക്കങ്ങളിൽ പുറത്തുവന്നതിനുമപ്പുറം കാര്യങ്ങൾ പാർട്ടിക്ക് അറിയാമെന്നതിന്റെ സൂചനയാണ്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരുന്ന് ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണ്.
