എം ഒ രഘുനാഥ്
എത്ര സുന്ദരം എന്തു മധുരിതം
എന്റെ മലയാളം
ലോകമാതൃകതീർത്ത കേരളം
എന്റെയഭിമാനം.
സപ്തഭാഷകളഴകുതീർക്കും
ഹരിതകേദാരം
വെള്ളിയരഞ്ഞാണുപോലെ
തെങ്കടലോരം
ചുരങ്ങൾ കാട്ടരുവികൾ
വനങ്ങൾ വൻതടാകങ്ങൾ
കൊട്ടാരക്കോട്ടകളാൽ
പുകൾകൊണ്ടയിടം...
പശ്ചിമ മലനിരകളൊന്നായ്
കാവലാകുന്നു
നിളയൊഴുകി, ഭാരതപ്പുഴ-
യായി നിറയുന്നു
ആർപ്പുവിളിയാൽ തുഴകൾതഴുകും കായലോളങ്ങൾ
ദൃശ്യചാരുത മലയാണ്മ-
ചേർത്തുവയ്ക്കുന്നു...
ഓശാനപ്പെരുന്നാള്
മാപ്പിളപ്പാട്ടിശലുകൾ
പൂരങ്ങൾ തിറമേള-
മുണരും നാട്...
നാടോടിപ്പാട്ടുപാടി,
പടയണിചേർന്നുനിന്ന്
നെഞ്ചുടുക്കിൻ മുഴക്കത്തിൽ
തറികൾ തീർക്കുമിടം...
തുഞ്ചന്റെ കിളികൾ പാടി-
പ്പറന്നോരിടം
വീണപൂവിൽ ജീവിതത്തെ
പകർന്നോരിടം
അരുളൻപ് അനുകമ്പ-
യുണർന്നോരിടം
വില്ലുവണ്ടികൾ കുതിച്ചോടി
വഴികൾ തീർത്തയിടം...
കയർപിരിച്ച കഥപറഞ്ഞ്
കൊയ്ത്തരിവാൾക്കവിതചൊല്ലി
രാജഭരണം ജന്മിവാഴ്ചകൾ
തൂത്തെറിഞ്ഞയിടം
ജാതിവെറികൾക്കെതിരെ മുഷ്ടിക-
ളാഞ്ഞുയർന്നയിടം
സമത്വമെന്നൊരാശയത്തെ
പുൽകിടുന്നൊരിടം...
വിശ്വ ശാന്തി സുഗന്ധമായി
നുകരും നാട്
ശാതമേകും ഭൂമി,
മാനവ സ്നേഹമാർന്നയിടം
എത്ര സുന്ദരമെന്തുമധുരിത-
മെന്റെ മലയാളം
ലോകമാതൃകതീർത്ത കേരള-
മെന്റെയഭിമാനം...