അതെ, നാളെ ലോകം പ്രണയദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ, പ്രണയം എന്ന വാക്കിനെ ഓരോ രാജ്യവും എങ്ങനെയാവും നോക്കിക്കാണുക എന്നാണു ഞാൻ ചിന്തിച്ചത്. ഇന്ത്യക്കു പ്രണയത്തിനൊരു സ്മാരകമുണ്ട്, താജ് മഹൽ... ഒരു അത്ഭുത നിർമ്മിതിയും, ഒഴുകുന്ന യമുനയും വിശാലമായ ഉദ്യാനവും ഒക്കെച്ചേർന്ന് ചന്ദ്രികാചർച്ചിത രാവിൽ ഓരോ വിരഹിയും മനസ്സിൽ ഓരോ താജ് മഹൽ നിർമ്മിക്കും വിധം, ഭാരതീയ മനസ്സുകളിൽ 'പ്രണയോപനിഷത്ത്' രചിക്കുന്നതിൽ താജ് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ മരുഭൂമിയിൽ എങ്ങനെയാണു പ്രണയജീവിതം തളിർക്കുക എന്ന് എന്നിലെ ആധുനിക മനുഷ്യൻ ചിന്തിക്കുമ്പോൾ, മുന്നിൽ ചില കണക്കുകൾ... ദുബായിയെക്കുറിച്ചാണ്, ഒരു അമേരിക്കൻ ഏജൻസി നടത്തിയ കണക്കെടുപ്പിൽ ലോകത്തെ ഏറ്റവും മികച്ച ഒമ്പതാമത്തേയും, അറബ് മേഖലയിലെ ഒന്നാമത്തേയും റൊമാൻറിക് നഗരമാണത്രേ ദുബായ്.
ശരിയല്ലേ? രാജ്യത്തിൻ്റെ പൊതുനിയമങ്ങൾക്കു വിരുദ്ധമാകാതെ നിങ്ങൾ പ്രണയിക്കുന്നതിനെ ഇവിടെ ആരും തടയുന്നില്ലല്ലോ. പാട്ടും നൃത്തവും ഉണ്ട്, സാംസ്ക്കാരിക പ്രവർത്തനങ്ങൾ എമ്പാടുമുണ്ട്. രാവിൽ മരുഭൂമിയിൽ താരകങ്ങളെ സാക്ഷിയാക്കി ഒരു ഡിന്നർ, ഒന്നും വേണ്ട, ചുറ്റും ആയിരക്കണക്കിന് പൂക്കൾക്കു നടുവിലിരുന്ന് കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ മതിയെങ്കിൽ അതിനും വഴിയുണ്ട്, നേരെ മറക്കിൾ ഗാർഡനിലേക്കു വിടുക. അതുമല്ല, ആകാശമച്ചിൽ നിന്നും അവളോട് പ്രണയം പറയണമോ അതിനും വഴിയുണ്ട്, ബുർജ് ഖലീഫ ആകാശം മുട്ടിനിൽപ്പുണ്ട്, നേരെ എലിവേറ്ററിൽ കയറുക... മുകളിൽച്ചെല്ലുക, നഗരത്തെ സാക്ഷിയാക്കി പ്രണയം പറയുക. അതും വേണ്ട എന്നുണ്ടെങ്കിൽ ഒരു യാച്ചിൽ സാഗരമധ്യത്തേക്കു പോയി അവിടെ വച്ചും പറയാം പ്രണയം.
അപ്പോൾ തോന്നും ഇതൊക്കെ പണച്ചിലവുള്ള കാര്യമല്ലേ എന്ന്. അല്പം കാശ് മിച്ചം പിടിച്ച്, വിസയുടെ കടം വീട്ടുന്ന തിരക്കിൽ എങ്ങനെയാണു ഇങ്ങനെ പ്രണയിക്കുക എന്നാണെങ്കിൽ, ഒരു പാർക്കിൽ വെറുമൊരു പാക്കറ്റ് പ്രിംഗിൾസും വാങ്ങിയിരുന്ന്, ആ ഉരുളക്കിഴങ്ങു ചിപ്സിലെ ഉപ്പും മസാലയും പോലെ നമുക്ക് ഒരുമിച്ചു ജീവിക്കരുതോ എന്നു ചോദിക്കാൻ നൂറു ദിറംസ് ഒന്നും വേണ്ടല്ലോ. ദുബായിയുടെ നിയമങ്ങൾ കർശനമാണ്. പക്ഷേ, അതു പ്രണയികൾക്ക് എതിരായി ഉള്ളതല്ല എന്നു മാത്രം.
ദുബായിയെക്കുറിച്ച് ഇത്രയും പറയുമ്പോൾ നാടിനെക്കുറിച്ച് എന്തെങ്കിലും പറയാതെ മുന്നോട്ടു പോകുന്നതു ശരിയല്ലല്ലോ. സദാചാര ഗുണ്ടായിസവും സദാചാര പോലീസിങ്ങും നമ്മുടെ നാട്ടിൽ നിരന്തരം റിപ്പോർട്ട് ചെയ്യുന്ന ഒന്നാണ്.
എന്തുകൊണ്ടാവും സമൂഹം പ്രണയത്തോട് ഇത്രമേൽ മുഖം തിരിച്ചിരിക്കുന്നത്? അതാണ് അറിയേണ്ടത്. നമുക്കിപ്പോഴും പ്രണയം എന്നാൽ രതിയാണ്. ഭക്ഷണം എന്നാൽ വയറു നിറയെ വലിച്ചു വാരിത്തിന്ന് ഏമ്പക്കം വിടേണ്ട ഒന്നാണ്. മദ്യം എന്നാൽ മൂക്കുമുട്ടെ കുടിച്ച് ശർദ്ദിച്ച്, തല്ലുണ്ടാക്കി, പറ്റിയാൽ വ്യക്തിവിരോധം തീർക്കാൻ കുത്തിക്കൊല്ലാൻ വേണ്ടിയുള്ളതാണ്. രതിയെന്നാൽ മുറിയടച്ചു കുറ്റിയിട്ടു ഭദ്രമാക്കി ഇരുട്ടത്ത് വെപ്രാളത്തിൽ ചെയ്തു തീർക്കേണ്ടതോ, പുതപ്പിനടിയിൽ ഒളിഞ്ഞിരുന്ന് പോൺ സൈറ്റ് തുറന്ന് സ്വയംഭോഗം ചെയ്യുമ്പോൾ കിട്ടുന്ന ആനന്ദമോ, അതുമല്ലെങ്കിൽ കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീയെക്കുറിച്ച്, പത്തു പേർ കേൾക്കെ അവരുടെ അസാന്മാർഗിക യാത്രകളെക്കുറിച്ചു പൂച്ചം പൂച്ചം പറയുന്നതോ, മെസഞ്ചറിൽ സ്വന്തം നഗ്നത കാട്ടുകയോ അശ്ലീലം പറയുകയോ ആണ്. ഈ കടുത്ത ലൈംഗിക അരാജകത്വമാണ് നമ്മളെ പ്രണയം എന്ന വികാരത്തെ ഏറ്റവും മോശമായ അവസ്ഥയിൽ കൈകാര്യം ചെയ്യുന്നവരാക്കുന്നത്. അതുകൊണ്ടാണു നമ്മുടെ യുവാക്കൾക്ക് പ്രണയം തകർന്നാൽ ഇണയെ കുത്തിക്കൊല്ലാൻ സാധിക്കുന്നത്, പെട്രോൾ ഒഴിച്ചു കത്തിക്കാൻ സാധിക്കുന്നത്. അതുകൊണ്ടാണ് ഇന്നും നമ്മുടെ യുവാക്കൾക്ക് മാട്രിമോണി പരസ്യത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കു മുൻഗണന എന്നോ, വെളുത്ത സുന്ദരി, പത്തിൽ നാലു പാപം, പാപ ജാതകക്കാർ പ്രതികരിക്കുക എന്നൊക്കെ പരസ്യം ചെയ്യേണ്ടി വരുന്നത്. ടെക്നോളജി വലുതായി. മക്കൾ ലോകത്തിൻ്റെ പല ഭാഗത്തും ജോലിക്കു പോകുന്നു. എന്നിട്ടും നമ്മുടെ പാപ ജാതകങ്ങൾ എത്രയോ വിവാഹം മുടക്കുന്നു!
ഒരു പ്രണയ ദിനം കൂടി കടന്നു വരുമ്പോൾ അന്നം തരുന്ന നാട്ടിൽ പ്രണയികൾക്കായി ഒരു ലൗ ലേക്ക് വരെ തയ്യാറായിക്കഴിഞ്ഞു. മരുഭൂമിയിൽ ഒരുക്കിയ സ്നേഹവിസ്മയം ആണത്. തടാകം ഒന്നും വേണ്ട, ചുരുങ്ങിയപക്ഷം, പ്രണയിക്കുന്നവരുടെ മേൽ കഴുകൻ കണ്ണുകൾ പാറി വീഴാതെ, സദാചാര വടികൊണ്ടു തല്ലാതെ, പ്രണയിക്കാൻ അനുവദിക്കുന്ന സാഹചര്യമെങ്കിലും ഉണ്ടാകുമോ? ലൈംഗിക ദാരിദ്ര്യവും ഒരു ദാരിദ്ര്യമാണെന്ന് ലോകത്തെ കണ്ണു തുറന്നു കണ്ടുകൊണ്ട് ഒന്ന് അംഗീകരിക്കുമോ?എങ്കിൽ കുറേ ഗുണ്ടാസംഘങ്ങൾ ആ പണി നിർത്തി മറ്റു വല്ല ജോലിക്കും പോകും.
ഒരുപക്ഷേ പ്രണയദിനത്തിൽ ദുബായ് മാളിൽ അത്തർ വിൽക്കുന്ന സുന്ദരിയുടെ അടുത്താവും ഞാൻ. അവളുടെ കണ്ണിലെ കരിനീല മഷിയിൽ തുളുമ്പി നിൽക്കുന്ന പ്രണയം എനിക്കു തൊട്ടെടുക്കാനായേക്കും. അതെനിക്കു വേണ്ടിയുള്ളതല്ല എന്ന അറിവിൽ സ്വയം പക്വമതിയായ പുരുഷനായി എൻ്റെ പെണ്ണിനെ ഓർത്ത് എനിക്കവളെ നോക്കി പുഞ്ചിരിക്കാം. പ്രണയം എന്നാൽ അടുത്തിരിക്കൽ മാത്രമല്ല, എത്ര കാതമകലത്തിലാണെങ്കിലും നീ എൻ്റെതാണെന്ന ബോധവും കൂടിയാണല്ലോ.
എല്ലാ പ്രിയപ്പെട്ടവർക്കും വാലന്റൈൻ ദിനാശംസകൾ.
