മെസ്ക്വിറ്റ് (ഡാളസ്) : സ്വർഗീയ ഐക്യത്തിന്റെ (ത്രിയേക ദൈവത്തിന്റെ) പ്രതിരൂപമാണ് ക്രിസ്‌തുവെന്നു നാം വിശ്വസിക്കുന്നുവെങ്കിൽ ആ ഐക്യം നമ്മിൽ പ്രകടമാകുമ്പോൽ മാത്രമാണ് ക്രിസ്തുമസ് ആഘോഷങ്ങൾ അന്വർത്ഥമാകുന്നതെന്നു നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.ലോക ജനത ഇന്ന് യുദ്ധ ഭീതിയിൽ കഴിയുന്നു.സമാധാനം എങ്ങനെ കണ്ടെത്താൻ കഴിയുമെന്നു രാഷ്ട്ര തലവന്മാർ കൂടിയിരുന്നു ആലോചിച്ചിട്ടും ഫല പ്രാപ്തിയിൽ എത്തുന്നില്ല. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും നിത്യമായ സമാധാനവും നൽകുവാൻ കഴിയുന്ന ബെത്ലഹേമിൽ ഭൂജാതനായ ദൈവകുമാരൻ പ്രാപ്തനാണെന്ന യാഥാർഥ്യത്തെ നാം തിരിച്ചറിയേണ്ടതുണ്ട് ക്രിസ്തുവിന്റെ ജനനത്തിങ്കൽ ആടുകളെ കാവൽ കാത്തു കഴിഞ്ഞിരുന്ന ഇടയന്മാർക് ദൈവദൂതന്മാർ നൽകിയ "ഭയപ്പെടേണ്ട" എന്ന സന്ദേശം ഇന്നും അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുകയാണ് തിരുമേനി ഓ ർമപ്പെടുത്തി.
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനായി കഴിഞ്ഞ ഏകദേശം 8 വര്‍ഷത്തോളം സ്തുത്യർഹ സേവനം നിര്‍വഹിച്ച ശേഷം സഭയുടെ ക്രമീകരണപ്രകാരം തിരുവനന്തപുരം - കൊല്ലം ഭദ്രാസനത്തിന്റെ ചുമതലാ ശുശ്രുഷയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന് സമുചിതമായ യാത്രയയപ്പ് നല്‍കുന്ന ചടങ്ങിലും ഡാളസ് സെന്റ് പോൾസ് മാർത്തോമാ ക്രിസ്തുമസ് കരോൾ സർവ്വിസിലും പങ്കെടുത്ത് മുഖ്യ സന്ദേശം നൽകുകയായിരിക്കുന്നു തിരുമേനി.
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ 23 ശനിയാഴ്ച വൈകിട്ട് എത്തിചേർന്ന തിരുമേനിയെ സൺഡേസ്കൂൾ വിദ്യാർഥികളും ഗായകസംഘങ്ങളും കൈസ്ഥാനസമതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. വൈസ് പ്രസിഡന്റ് അബ്രഹാം മേപ്പുറത്തിന്റെ പ്രാരംഭ പ്രാർത്ഥനക്കു ശേഷം നടന്ന സന്ധ്യാ നമസ്കാരത്തിന് തിരുമേനിയും വികാരി ഷൈജു സി ജോയ് അച്ചനും ,ഫിൽ മാത്യു ,ജെഫ് തോമസ് എന്നിവരും നേത്ര്വത്തം നൽകി
.ഗായക സംഘങ്ങളുടെ മനോഹരമായ ക്രിസ്മസ് ഗാനാലാപനത്തിനുശേഷം റവ ഷൈജു സി ജോയ് അച്ചൻ അധ്യക്ഷ പ്രസംഗം നടത്തി .ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ക്രിസ്തുവിനെ കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നു അധ്യക്ഷ പ്രസംഗത്തിൽ അച്ചൻ സംശയം പ്രകടിപ്പിച്ചു .തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായ അറ്റ്ലാന്റാ പ്രൊജക്റ്റ് ലാഭകരമായി മുന്നോട്ടു പോകുന്നു വെന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അച്ചൻ പറഞ്ഞു ,തുടർന്നു ഇടവകയുടെ ഉപഹാരം സെക്രട്ടറി ഡോ:തോമസ് മാത്യു തിരുമേനിക്കു നൽകി. വിവിധ സംഘടനകളുടെ ക്രിസ്മസ് ഗാനാലാപവും, സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ സ്കിറ്റും ശ്രുതിമനോഹരവും നയാനന്ദനവുമായിരുന്നു.കൊയർ സെക്രട്ടറി ലിജി സ്കറിയാ നന്ദിപറഞ്ഞു സുബിൻ പള്ളിക്കലിൽ സമാപന പ്രാർത്ഥന നടത്തി.ബ്രിണ്ട, അലൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .
ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഡിസംബർ 24 ഞായറാഴ്ച മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിലും, 25 തിങ്കളാഴ്ച രാവിലെ 8.30 ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് കരോൾട്ടൺ ദേവാലയത്തിലും നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.



