നല്ല വായനാസുഖം നൽകിയ നോവലാണ് ശ്രീദീപ് ചേന്നമംഗലത്തിന്റെ Sreedeep Chennamangalam ദക്ഷ. ഭാഷയുടെ ഒഴുക്കും ജീവിതം കണ്മുൻപിൽ എന്നത് പോലെ എഴുതാനുള്ള കഴിവും ഈ നോവലിസ്റ്റിനെ ഇന്നത്തെ പല എഴുത്തുകാരിൽ നിന്നും വേറിട്ടു നിർത്തുന്നു.
അച്ഛനമ്മമാരിൽ നിന്ന് കിട്ടാത്ത പരിഗണന ദക്ഷ എന്ന കുട്ടിയിലുണ്ടാക്കിയ സ്വാധീനമാണ് ഈ നോവലിന്റെ അടിത്തറ. വലിയ ചിത്രകാരിയായ അവളിൽ അച്ഛന്റെ മരണം മറ്റൊരു ഷോക്ക് ആയി മാറുന്നു.
ദക്ഷ എന്ന കഥാപാത്രം ഈ നോവലിൽ നിറഞ്ഞാടുകയാണ്. മികച്ച ആദ്യ പകുതിക്ക് ശേഷം നോവൽ മന്ദഗതിയിൽ ആകുന്നുണ്ട്. ഇവിടെ കുറച്ച് പേജുകൾ കുറയ്ക്കാമായിരുന്നു എന്ന് തോന്നി. വായനക്കാരുടെ പ്രതീക്ഷകളെ തള്ളിക്കളഞ്ഞു കൊണ്ട് മുന്നോട്ടു പോകാൻ നോവലിസ്റ്റ് ദക്ഷയ്ക്ക് അനുവാദം കൊടുക്കുന്നു. കഥാപാത്രങ്ങളുടെ ചെയ്തികൾക്കുള്ള കാരണം ഉറപ്പിക്കാൻ നോവലിസ്റ്റിന് പൂർണ്ണമായും സാധിക്കുന്നില്ല എന്നതൊഴിച്ചാൽ ആസ്വദിച്ചു വായിക്കാവുന്ന നോവലാണ് ദക്ഷ. ശ്രീദീപിന്റെ ആദ്യത്തെ നോവലാണ് ദക്ഷ.
മികച്ച നോവലുകൾ എഴുതാനുള്ള കഴിവ് ആദ്യ നോവലിൽ തന്നെ ശ്രീദീപ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിനാൽ പ്രതീക്ഷ വെക്കാവുന്ന നോവലിസ്റ്റാണ് ശ്രീദീപ്. തൃശൂർ കറന്റ് ബുക്‌സാണ് 252 പേജ് ഉള്ള ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.