advertisement
Skip to content

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം

ജോയിച്ചന്‍ പുതുക്കുളം

കണക്ടിക്കട്ട്: ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലായത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമാ ശ്ശീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാളിന് തുടക്കംകുറിച്ച് ജൂലൈ 19-ാം തീയതി വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ കൊടിയേറ്റി. തദവസരത്തില്‍ ഫാ. ജോസഫ് മൂന്നാനപ്പള്ളില്‍, ഫാ. സാം ജോണ്‍, കൈക്കാരന്മാരായ റെജി നെല്ലിക്ക്, സഞ്ചയ് ജോസഫ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം റ്റോണി തോമസ്, സെക്രട്ടറി സി. തെരെസ് തുടങ്ങിയവരും നൂറുകണിക്കിന് വിശ്വാസികളും ഭക്തിപൂര്‍വ്വം പങ്കെടുത്തു. തുടര്‍ന്ന് നടന്ന ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു.

പ്രധാന തിരുനാളിന്റെ തലേദിവസമായ ജൂലൈ 20-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്കുള്ള വി. കുര്‍ബാനയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളായ ഡൊമിനിക് തോമസ്, സുമിത് അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ശിങ്കാരിമേളം, അതിനുശേഷം ഇടവകയിലെ വിവിധ ഭക്ത സംഘടനകളും വ്യക്തികളും നേതൃത്വം നല്‍കുന്ന കലാപരിപാടികള്‍ എന്നിവയും തദവസരത്തില്‍ നാടന്‍ തട്ടുകടയില്‍ നിന്നുള്ള രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില്പനയും ഉണ്ടായിരിക്കും. തുടര്‍ന്ന് രാത്രി 9 മണിക്ക് കരിമരുന്ന് കലാപ്രകടനം.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 21-ന് ഞയറാഴ്ച 3 മണിക്ക് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, ജപമാല, 3.30-ന് അര്‍പ്പിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഒഹായോ യൂണിവേഴ്‌സിറ്റി ലക്ചററും തലശേരി അതിരൂപതാംഗവുമായ ഫാ. ഡയസ് തുരുത്തിപ്പള്ളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റിഡംപ്റ്ററിസ്റ്റ് സഭാംഗവും. വചന പ്രസിദ്ധനുമായ ഫാ. സിയാ തോമസ് C.S.S.R തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് സമീപ വീഥിയിലൂടെ ആഘോഷമായ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് തിരുനാളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.

ഈവര്‍ഷം തിരുനാളിന് തുടക്കംകുറിച്ചുകൊണ്ടുള്ള ഒമ്പത് ദിവസത്തെ നൊവേന കുര്‍ബാനയുടെ ആദ്യ ദിവസങ്ങളില്‍ പ്രസിദ്ധ വചന പ്രഘോഷകനും കപൂച്ചിന്‍ സഭാംഗവുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ആണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. ഇടവക ദേവാലയവും പരിസരങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളാല്‍ അലങ്കരിക്കുന്നതിന് നേതൃത്വം നല്‍കിയത് ഡോ. ജേക്കബ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ടീമാണ്.

ഈവര്‍ഷത്തെ ആഘോഷമായ തിരുനാളിന്റെ പ്രസുദേന്തി പാരീഷ് കൗണ്‍സില്‍ അംഗവും, കുറവിലങ്ങാട് സ്വദേശിയുമായ ജോ വെള്ളായിപറമ്പിലും ഭാര്യ റ്റെസി വെള്ളായിപറമ്പിലും മക്കളായ കെവിന്‍ കുര്യനും, ആന്റണി കുര്യനുമാണ്.

തിരുനാള്‍ ദിവസങ്ങളിലെ വി. കുര്‍ബാനയിലും, തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ എല്ലാവരേയും ക്ഷണിക്കുന്നതായി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest