അഹ്മദാബാദ്: ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ വിരാട് കോഹ്‍ലിക്ക് പുറമെ കെ.എൽ രാഹുലിനും അർധസെഞ്ച്വറി. തകർച്ചയിലേക്ക് നീങ്ങിയ ടീമിനെ വിരാട് കോഹ്‍ലിക്കൊപ്പം ചേർന്ന് പിടിച്ചുനിന്നാണ് രാഹുൽ അർധസെഞ്ച്വറിയിലെത്തിയത്. 86 പന്തിൽ ഒറ്റ ഫോറിന്റെ മാത്രം അകമ്പടിയിലാണ് താരം 50ലെത്തിയത്. 35 ഓവർ പിന്നിടുമ്പോൾ നാലിന് 173 റൺസെന്ന നിലയിലാണ് ഇന്ത്യ. 50 റൺസുമായി രാഹുലും ഒമ്പത് റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ.
അർധസെഞ്ച്വറി നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റാണ് അവസാനം വീണത്. 63 പന്തിൽ നാല് ഫോറടക്കം 54 റൺസ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിസന്ധിയിലായ ഇന്ത്യയെ കോഹ്‍ലിയും കെ.എൽ രാഹുലും ചേർന്ന സഖ്യം കരകയറ്റുന്നതിനിടെയാണ് കോഹ്‍ലിയുടെ പുറത്താകൽ. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 പന്തിൽ 67 റൺസ് ചേർത്താണ് പിരിഞ്ഞത്.
ശുഭ്മൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്റ്റാർക് എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്ത് ഗിൽ മിഡോണിലേക്ക് അടിച്ചകറ്റിയപ്പോൾ ആദം സാംബ അനായാസം കൈയിലൊതുക്കുകയായിരുന്നു. ഏഴ് പന്തിൽ നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 30 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ. പതിവുപോലെ കൂറ്റനടികളിലൂടെ തുടങ്ങിയ രോഹിതിന്റെ ഊഴമായിരുന്നു അടുത്തത്. പത്താം ഓവറിൽ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റൺസാണ് രോഹിത് നേടിയത്. മൂന്ന് പന്തിൽ നാല് റൺസെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസും പിടികൂടി.