ന്യു യോർക്ക്: ന്യു യോർക്കിൽ T20 ലോക കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായെത്തിയ ക്രിക്കറ്റ് ഇതിഹാസ താരം സുനിൽ ഗാവസ്കറിന് പ്രശസ്ത സംരംഭകൻ വർക്കി എബ്രഹാം ഊഷ്മളമായ സ്വീകരണം നൽകി.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന 'സണ്ണി' അല്ലെങ്കിൽ 'ലിറ്റിൽ മാസ്റ്റർ' തന്റെ ക്രിക്കറ്റ്കാല ജീവിതവും ഇപ്പോഴത്തെ പ്രവർത്തനങ്ങളും പങ്കു വച്ചു . ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഗാവസ്‌കർ ക്രിക്കറ്റ് കമൻ്റേറ്ററും അനലിസ്റ്റും കോളമിസ്റ്റുമായി. ക്രിക്കറ്റിനുള്ളിലെ വിവിധ ഭരണപരമായ റോളുകളിൽ ഏർപ്പെട്ടിട്ടുള്ള അദ്ദേഹം തൻ്റെ ഉൾക്കാഴ്ചയുള്ള കമൻ്ററിയിലൂടെയും എഴുത്തിലൂടെയും കായികരംഗത്ത് സംഭാവന ചെയ്യുന്നത് തുടരുന്നു.
ഹാനോവർ ബാങ്കിന്റെ ഡയറക്ടറും പ്രവാസി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, നിരവധി സംരംഭങ്ങളുടെ ചെയർമാനുമായ വർക്കി എബ്രഹാം ഗാർഡൻ സിറ്റിയിലുള്ള പ്രമുഖ ഇറ്റാലിയൻ റെസ്റ്റോറന്റായ 'ജോനാതനിൽ' ആയിരുന്നു സ്വീകരണവും സൗഹൃദ വിരുന്നും.
ഫോമാ മുൻ പ്രസിഡന്റും, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാനിധ്യവും, പ്രവാസി ചാനലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും, സംരഭകനുമായ ജോൺ ബേബി ഊരാളിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡന്റും. പ്രവാസി ചാനൽ, ഇ-മലയാളി , ഇന്ത്യ ലൈഫ് എന്നീ മാധ്യമങ്ങളുടെ മാനേജിങ് ഡയറക്ടറുമായ സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവരും പങ്കെടുത്തു.
ക്രിക്കറ്റിനെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും ഗാവസ്കർ വാചാലനായി. കൊച്ചുമകനു ക്രിക്കറ്റിൽ അത്ര താല്പര്യം ഇല്ലെന്നും 'പിക്കിൾ ബോളിൽ' ആണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. മകൻ ലണ്ടനിൽ സ്ഥിര താമസമാണെന്നും മിക്കവാറും അവിടെ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയുടെ വളർച്ചയോടു കൂടി പെട്ടെന്ന് പ്രശസ്തരാകാനുള്ള സാദ്ധ്യതകൾ ഏറെ ഉണ്ടായെന്നും അദ്ദേഹം പറയുകയുണ്ടായി. പണ്ടൊക്കെ ക്രിക്കറ്റ് ടൂർണമെന്റ് കളിയ്ക്കാൻ പോകുമ്പോൾ ചിലപ്പോൾ പരസ്പരം മത്സരിക്കുന്ന രണ്ടു ടീം അംഗങ്ങൾ ഒരു റൂമിൽ തന്നെ കഴിഞ്ഞതായുള്ള ഓർമ്മയും അദ്ദേഹം പങ്കു വെച്ചു . ഇന്നത്തെ കാലത്തു അത് അസാധ്യം എന്ന് പറയുകയുണ്ടായി.
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ഗവാസ്കർ, 1987ൽ ഈ നാഴികക്കല്ല് കൈവരിച്ചു. 34 ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കർ തകർക്കുന്നതുവരെ ഏകദേശം രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും ഉയർന്ന സെഞ്ചുറിയായിരുന്നു.
1979-ൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 221 റൺസും 1983-ൽ ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 236 റൺസും അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഇന്നിംഗ്‌സുകളിൽ ഉൾപ്പെടുന്നു.