രാജേഷ് തില്ലങ്കേരി
കോണ്‍ഗ്രസ് എന്നാല്‍ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഏറെയുള്ള പാര്‍ട്ടിയാണ്. ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിലെ ബൂത്തു പ്രസിഡന്റ് മുതല്‍ ദേശീയ ആധ്യക്ഷന്‍വരെ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതും, അവരുടെ ഇ്ഷ്ടങ്ങള്‍ പ്രഖ്യാപിക്കുന്നതുമൊക്കെ നമ്മള്‍ പലപ്പോഴായി കണ്ടിട്ടു്ള്ളതാണ്. ഇതു പലപ്പോഴും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയില്‍ കൊണ്ടു ചെന്നെത്തിക്കാറുമുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കെട്ടുറപ്പില്ലായ്മമൂലം തകര്‍ന്നു തകര്‍ന്ന് ശുഷ്‌കമാവുന്നതും നാം കണ്ടു. ഇതാണ് കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ എത്തിയപ്പോള്‍ പാര്‍ട്ടിയെ സെമികേഡറാക്കി മാറ്റുമെന്ന് പറയിപ്പിച്ചത്. സെമി കേഡറോ ...? അതെന്ത് എന്നായിരുന്നു കോണ്‍ഗ്രസുകാര്‍ ഒറ്റ സ്വരത്തില്‍ ചോദിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസില്‍ നിരവധി പേര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയോടു വിടപറഞ്ഞു. ദേശീയതലത്തില്‍ ഗുലാംനബി ആസാദിനപ്പോലുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയതും മറക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്നിട്ടും എന്തു കൊണ്ടാണ് ചില പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അധികാരമില്ലാത്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആര്‍ക്കും വേണ്ടാതാവും എന്നു മാത്രം.
നിരവധി നേതാക്കള്‍ ബി ജെ പിയിലേക്ക് പോയി. കേരളത്തിലാണെങ്കില്‍ പി സി ചാക്കോമുതല്‍ പ്രൊഫ. കെ വി തോമസ് വരെ കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തില്‍ എത്തി പി സി ചാക്കോ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ ഒരാളായിരുന്നു. പത്തു വര്‍ഷം തുടര്‍ച്ചയായി കേന്ദ്രമന്ത്രിയായിരുന്ന കെ വി തോമസും ദേശീയ മുഖമായിരുന്നു. കേരളത്തില്‍ അത്രയൊന്നും വലിയ ശക്തിയല്ല എന്‍ സി പി. എന്നിട്ടും പവാറിന്റെ പഴയകാല അനുയായി ആയ പി സി ചാക്കോ എന്‍ സി പിയില്‍ അഭയം തേടിയത് കേരളത്തില്‍ ഭരണത്തിലിരിക്കുന്നപാര്‍ട്ടിയുടെ മുന്നണിയില്‍ അംഗമാണെന്ന ഒറ്റ കാരണത്താലായിരുന്നു. ഏറ്റവും ഒടുവില്‍ സി പി എമ്മിലേക്ക് ചേക്കേറിയ കെ വി തോമസിനെ ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമിച്ചു. ഓണറേറിയവും മറ്റു സൗകര്യങ്ങളും കിട്ടുമെന്നതാണ് തോമസ് മാഷിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. എം പിയായി ഇനി ഡല്‍ഹിയില്‍ കാലുകുത്താന്‍ കഴിയില്ലെന്ന ആ പരമതസ്യം തിരിച്ചറിഞ്ഞ കെ വി തോമസിന് കോണ്‍ഗ്രസ് വിട്ടുപോവാന്‍ ഒരു മടിയും ഉണ്ടായില്ല. കോണ്‍ഗ്രസ് വിടാനായി ഈ മഹാന്‍ ഉണ്ടാക്കിയ കാരണങ്ങളെല്ലാം വിചിത്രവും. തെരഞഞ്ഞൈടുപ്പ് കാലത്തും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ടുപോയി. അവരൊക്കെ ഉണ്ടാക്കിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിന്റെ പരാജയത്തിലേക്ക് നയിച്ചതെന്ന രാഷ്ട്രീയ കാരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും പഠിക്കാന്‍ തയ്യാറായില്ല. നേരിട്ട് സി പി എമ്മില്‍ ചേക്കേറിയ നിരവധി കോണ്‍ഗ്രസുകാര്‍, എ പി അനില്‍കുമാറിനെപോലുള്ള വര്‍ക്കൊക്കെ ചില അപ്പകഷണങ്ങള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കൊക്കെ മുന്നേ സി പി എമ്മില്‍ എത്തിയ ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍ എത്തിയതും ഈ കാലത്തുതന്നെയാണ് എന്നത് കാവ്യനീതി.
കെ മുരളീധരനാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. എ ഐ സി സി പുനസംഘനയില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് രമേശ് ചെന്നിത്തല. ദേശീയ തലത്തില്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന നേതാവാണ് നമ്മുടെ പഴയ പ്രതിപക്ഷ നേതാവുകൂടിയായ രമേശ് ചെന്നിത്തല. കെ പി സി സി അധ്യക്ഷനും മുന്‍ അഭ്യന്തര മന്ത്രിയുമൊക്കെയായിരുന്ന ചെന്നിത്തല എ ഐ സി സി ജന. സെക്രട്ടറിമാരില്‍ ഒരാളാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എ ഐ സി സി നിര്‍വ്വാഹക സമിതിയില്‍പോലും പുള്ളിക്കാരനെ കയറ്റിയില്ല. സ്ഥിരം ക്ഷണിതാവിന് പ്രത്യേകിച്ച് അധികാരമൊന്നും ഇല്ലെന്ന് ടിയാന് അറിയാമല്ലോ... അങ്ങിനെ അങ്ങോര് കട്ടകലിപ്പിലാണ്. കേരളത്തില്‍ നിന്നും ശശി തരൂര്‍ നിര്‍വ്വാഹകസിമിതിയില്‍ എത്തിയതും ചെന്നിത്തലയെ അല്‍പ്പമൊന്നുമല്ല വേദനിപ്പിച്ചത്. തരൂരിനെ പൂര്‍ണമായും നാടുകടത്തണമെന്ന് അഗ്രഹിക്കുന്ന നേതാക്കളില്‍ ഒരാളാണ് ചെന്നിത്തല. മറ്റൊരാള്‍ വി ഡി സതീശനാണ്. ഇവരുടെയൊക്കെ എതിര്‍പ്പ് നിലനിന്നിട്ടും ശശി തരൂരിനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് വരും കാലത്ത് കോണ്‍ഗ്രസിന് കരുത്താകുമെന്നതില്‍ സംശയമില്ല.
കെ പി സി സി മുന്‍ അധ്യക്ഷനും നിലവില്‍ വടകര എം പിയുമായ കെ മുരളീധരനാണ് കട്ടക്കലപ്പില്‍ നില്‍ക്കുന്ന നേതാവ്. കെ മുരളീധരന്‍ രാഷ്ട്രീയത്തില്‍ നിന്നും അവധിയെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ലീഡര്‍ കെ കരുണാകരന്റെ സ്മാരക നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന അവഗണനയാണ് കെ മുരളീധരനെ വേദനിപ്പിച്ചിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം കെ മുരളീധരനും രമേശ് ചെന്നിത്തലയും ചിലതൊക്കെ പറയും എന്നാണ് ഭീഷണി. കോണ്‍ഗ്രിസിനെ വെല്ലുവിളിച്ച് ഡി ഐ സി ഉണ്ടാക്കിയ അതേ കെ മുരളീധരനാണ് ഇപ്പോള്‍ ചിലതൊക്കെ പറയുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുന്നത്. ഡി ഐ സി വലിയ പാര്‍ട്ടിയായി മാറുമെന്നും ലീഡര്‍ക്കൊപ്പം ഐ ഗ്രൂപ്പ് നേതാക്കളെല്ലാം പോകുമെന്നും ഒക്കെ കരുതിയ കെ മുരളീധരന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കടുത്തഭാഷയില്‍ അധിക്ഷേപിച്ച മുരളീധരന്‍. സോണിയാ ഗാന്ധിയിലെ മദാമ്മയെന്നും, അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേലെന്നുമൊക്കെ വിളിച്ചുള്ള ഹാസ്യരൂപേണയുണ്ടായ അധിക്ഷേപം. ഡി ഐ സി യെ അധികാരത്തിന്റെ പിന്നില്‍ വളര്‍ത്തിയെടുക്കാം എന്നു വിശ്വസിച്ച മുരളീധരനെ നമ്മള്‍ കണ്ടത് പിണറായി വിജയനു പിന്നാലെ നടക്കുന്നതായിരുന്നു. എന്നിട്ടും കെ കരുണാകരനെയും കെ മുരളീധരനെയും സി പി എം മുന്നണിയിലെടുത്തില്ല. ഒടുവില്‍ കോണ്‍ഗ്രസിലേക്കൊരു തിരിച്ചു നടത്തം. കെ കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തപ്പോഴും, കെ പി സി സി അസ്ഥാനമന്ദിരത്തിന് മുന്നില്‍ രണ്ടു രൂപയുടെ സാധാ അംഗത്വം മാത്രം മതിയെന്നും എനിക്ക് മറ്റൊരു സ്ഥാനവും ആവശ്യമില്ലെന്നും പറഞ്ഞ് രമേശ് ചെന്നിത്തലയുടെ പിന്നാലെ നടന്ന ആ മുരളീധരന്‍...പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ എം എല്‍ എയായയി എം പിയായി. ഇപ്പോഴിതാ കെ മുരളീധരന്‍ വീണ്ടും ഇടയുകയാണ്. പലപ്പോഴായി ഇടഞ്ഞും ഇണങ്ങിയും സ്ഥാനമാനങ്ങള്‍ തരപ്പെടുത്തുകയാണ് കെ മുരളീധരന്‍. രണ്ടാം നട്ടവും അധികാരം നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഒറ്റക്കെട്ടായി നിന്ന് അധികാരം തിരികെ പിടിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിന് പകരം, ഇവിടെ ഒന്നും കിട്ടിയില്ലെന്നും, താനിതെല്ലാം തകര്‍ക്കുമെന്നുമൊക്കെയുള്ള ഭീഷണി ഇനിയെങ്കിലും കോണ്‍ഗ്രസ് അവസാനിപ്പിക്കേണ്ട കാലം അധികരിച്ചിരിക്കയാണ്.
എന്തായാലും പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് ദേശീയ രാഷ്ട്രീയം വഴിമാറും. അപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് തമ്മില്‍ തല്ലുകയും പരസ്പരം പഴിചാരുകയും ചെയ്യുന്ന തിരക്കിലായിരിക്കും.
കിങ്ങിണിക്കുട്ടനും പൗഡര്‍ കുട്ടനും തുടങ്ങിയ എല്ലാവരുടെയും ആവശ്യങ്ങള്‍ കഴിയുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വിരലിലെണ്ണാവുന്ന സീറ്റുമാത്രമായി മാറുകയും ചെയ്യും.