ക്രിസ്തുമസ്….
മനുഷ്യന്റെ ചരിത്രം രേഖപ്പെടുത്തിയതിൽ ഏറ്റവും മനോഹരമായ ദിനം. ജറുസലേമിന്റെ ദുരിതമയമായ ജീവിതങ്ങൾക്കു മുകളിൽ വിശുദ്ധനക്ഷത്രം നിറഞ്ഞുതെളിഞ്ഞ മനോഹരമായ ദിവസം . ബേത്ലെഹെമിലെ അഴുക്കു നിറഞ്ഞ ഒരു കാലിത്തൊഴുത്തിലെ ഇടുങ്ങിയ വൈക്കോൽ ശയ്യയിലേയ്‌ക്കാണ് ആ ദിവ്യജ്യോതിസ് പുണ്യമായി പെയ്‌തിറങ്ങിയത്. ക്രിസ്‌തുവിന്റെ ജനനം മാനവരാശി കണ്ട ഏറ്റവും മഹത്തായ ദർശനത്തിന്റെ ജന്മംകൂടിയായിരുന്നു. ഓരോ മനുഷ്യമനസുകളിലേയ്‌ക്കും യേശുക്രിസ്തു നടത്തിയ യാത്രകൾ ഒരു സമൂഹം ആഗ്രഹിച്ചതിനേക്കാൾ ഏറെയായിരുന്നു. ഓരോ ക്രിസ്‌തുമസ് കാലവും മലയാളിക്ക് പുണ്യമാകുന്നതും ഇതുകൊണ്ടുതന്നെയാണ്. വിശ്വാസത്തിനും ആചാരങ്ങൾക്കും അപ്പുറത്ത് വിശ്വസ്നേഹത്തിന്റെ പൊരുളാണ് ക്രിസ്‌തുവെന്ന് നാമും അനുഭവിക്കുന്നുണ്ട്. ക്രിസ്‌തു കണ്ട കാഴ്‌ചകളൊക്കെയും നമ്മുടെ മനസിലും തെളിയുന്നുണ്ട് എന്നാണിതിനർത്ഥം.
ഓരോ മലയാളിയും ആഘോഷിക്കുന്ന ക്രിസ്‌തുമസ് ഇതിന് കൃത്യമായ ഉദാഹരണമാണ്.
തിരുപ്പിറവിയുടെ ഓർമ്മകൾ നിറഞ്ഞ ക്രിസ്മസ് അപ്പൂപ്പൻ രാവുകളിൽ ഓരോ വാതിലുകളിലും വിരുന്നുകാരനാകുന്നു. സ്നേഹവും സാഹോദര്യവും പ്രണയവും തുളുമ്പിയൊഴുകുന്ന ക്രിസ്‌തുമസ് കാർഡുകൾ നമ്മെ തേടിയെത്തുന്നുണ്ട്. ഇങ്ങനെ എന്തെല്ലാം.
ആധുനിക ജീവിതത്തിന്റെ അതിവേഗപ്പാച്ചിലുകളിൽ ജീവിക്കാൻ മറന്നുപോകുന്ന മലയാളി പോലും ക്രിസ്തുമസിനെ ഒഴിവാക്കുന്നില്ല. കാരണം നന്മയുടേയും സാഹോദര്യത്തിന്റെയും വിശുദ്ധവഴികൾ വെട്ടിത്തെളിച്ച ക്രിസ്‌തുവിന്റെ ജനനത്തിന്റെ ഓർമപുതുക്കൽ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. എങ്കിലും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറത്തേക്ക് നമ്മുടെയുളളിൽ ഒരു ക്രിസ്തുവിന് ജന്മം നല്‌കുകയാണ് ഏറ്റവും വലിയ പുണ്യം.
നമ്മുടെയെല്ലാം ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം കൂടി നാമെല്ലാം ജീവിച്ചു തീര്‍ത്തു കഴിഞ്ഞിരിയ്ക്കുന്നു, അഥവാ നമ്മുടെയെല്ലാം ആയുസ്സിലെ ഒരു വര്‍ഷം കൂടി നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു എന്ന് സമ്മതിയ്ക്കാതെ വയ്യല്ലോ. നഷ്ടപ്പെട്ടതിനേ ഓര്‍ത്ത് വിഷമിയ്ക്കാതെ വരാനിരിയ്ക്കുന്ന നല്ല നാളുകളെ കുറിച്ച് നമുക്ക് ഓര്‍ക്കാം. ഒരുപാടു വര്‍ഷങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിതാ 2017 ഉം നമ്മെ വിട്ടു പോകുകയാണ്. എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2018 കയ്യെത്തും ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.
മലയാളം ട്രൈബൂണിന്റെ എല്ലാ മാന്യ വായനക്കാർക്കും
ക്രിസ്തുമസ് പുതുവത്സര ആശംസകൾ.