വർത്തമാനകാലത്തെ സജീവമായ കണ്ണുകളാൽ നോക്കിക്കാണുന്ന ശ്രീകലയുടെ (Sree Kala) ഇന്നലെകളിലേക്കുള്ള തിരിഞ്ഞു നോട്ടത്തിന്റെ രേഖാചിത്രങ്ങളാണ് 'ഈ ചില്ലയിൽ നിന്ന് കൗമാരകാലത്തിലേക്ക് പറക്കാം.' എന്ന ഓർമ്മക്കുറിപ്പുകളിലെ ഓരോ ഇതളിലും കാണാൻ കഴിയുക.
തീർത്തും സാധാരണമായ പ്രവാസ അനുഭവങ്ങൾക്കൊപ്പം മനസ്സിനെ നൊമ്പരപ്പെടുത്തുന്ന തീക്ഷ്ണമായ അനുഭവസാക്ഷ്യങ്ങളും ഈ സമാഹാരത്തിലുണ്ട്. പ്രവാസത്തെ എഴുത്തുകാരി കണ്ട രീതിയിൽ തന്നെ കാണാൻ വായനക്കാരെ സജ്ജരാക്കുന്നതാണ് ഓരോ ചെറുകുറിപ്പുകളും. ഒപ്പം തന്നെ നാടിൻറെ ഗൃഹാതുരത്വം ഉണർത്തുന്ന എഴുത്തും വായനക്കാർക്ക്, പ്രത്യേകിച്ച് പ്രവാസി വായനക്കാർക്ക് ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കും.
ഈ പുസ്തകം വായിക്കുമ്പോൾ അതിൽ വിവരിക്കുന്ന സംഭവങ്ങളെക്കാളും അനുഭവങ്ങളെക്കാളും ഉപരി എഴുത്തുകാരി തന്റെ ജീവിതത്തിന്റെ അല്ലെങ്കിൽ ചിന്തയുടെ നേർചിത്രങ്ങൾ വായനക്കാരിലേക്ക് പകരുന്നത് കൊണ്ടാണ് ഈ കുറിപ്പുകൾ രേഖാചിത്രങ്ങൾ വരയ്ക്കുന്നു എന്ന് ഞാനെഴുതിയത്.
ഏറ്റവും പ്രധാനമായി ഇതിൽ ശ്രദ്ധയിൽ പെട്ടത്, ഓരോ സംഭവത്തെയും ഒരു കഥാകാരിയുടെ ജിജ്ഞാസയോടെ നോക്കിക്കാണുന്ന രീതിയാണ്. കാഴ്ചകൾ ഊഹങ്ങൾക്കും അനുമാനങ്ങൾക്കും വഴി മാറുമ്പോൾ പുതിയ കഥ ജനിക്കുകയായി. അയലത്തെ അദ്ദേഹം എന്ന കുറിപ്പിലും ആകാശക്കുരുക്ക് എന്ന കുറിപ്പിലും ഇത് വേറിട്ട് തിരിച്ചറിയാം. അന്യന്റെ ഭാര്യയെ സഹായിക്കാൻ വെമ്പുന്ന അയലത്തെ അദ്ദേഹത്തിന്റെ കഥ ഒരു പക്ഷെ അങ്ങനെയാവണമെന്നില്ല. എങ്കിലും ഒരു സാധാരണ അവസരത്തിൽ നിന്നും എഴുത്തുകാരി പിടിച്ചെടുക്കുന്ന കണ്ണികൾ ശരിയാവാനേ വഴിയുള്ളൂ എന്ന് നാം സമ്മതിക്കും. അടുത്തിരിക്കുന്ന യുവാവിന്റെ മനഃശാസ്ത്രം പഠിച്ചു കൊണ്ട് അവന്റെ ചെയ്തികൾ നിരീക്ഷിക്കാൻ വിമാനത്തിൽ വിസ്കി ഓർഡർ ചെയ്തു കാത്തിരിക്കുന്ന എഴുത്തുകാരി എന്ന ചിന്ത തന്നെ ഒരൊന്നൊന്നര ചിന്തയല്ലേ? അതിന്റെ പരിണാമഗുപ്തി സരസമായില്ലെങ്കിലേ അത്ഭുതമുള്ളൂ. നല്ല ഒരു കഥാകാരിയിലേക്കുള്ള രാജപാതയാണിത്.
നിലവാരമുള്ള നർമ്മം ഈ പുസ്തകത്തിന്റെ സ്വഭാവമാണ്. അതേസമയം തന്നെ ഒരു ഹാസ്യരചനയായി ഇതിലെ ഒരു കുറിപ്പ് പോലും മാറുന്നുമില്ല എന്നിടത്തു എഴുത്തുകാരിയുടെ നർമ്മപാചകം നല്ല വണ്ണം ചേരുവകൾ ചേർത്ത കറി പോലെ രുചികരമാണ്. ഈ നർമ്മവും എഴുത്തുകാരിയുടെ ദൈനംദിന ജീവിതത്തിന്റെയും ചിന്തയുടെയും ഭാഗമാകാതെ വയ്യ എന്ന് തോന്നിപ്പിക്കും വിധം സ്വാഭാവികമായാണ് പുറത്തു ചാടുന്നത്. ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പ്രഭാതത്തെപ്പറ്റി പറയുമ്പോൾ "വയലിറമ്പിലെ പൊത്തുകളിൽ നിന്ന് തവളകൾ കോറസ് ആയി വെങ്കടേശ സുപ്രഭാതവും പള്ളിയിലെ ബാങ്ക് വിളിയും ഒരുമിച്ചു ഗാനാലാപനം നടത്തുന്നുണ്ടാവുമോ?" എന്ന് ചോദിക്കാൻ ഈ നർമ്മബോധത്തിനേ കഴിയൂ.
ഗദ്യത്തിൽ എഴുതിയ കവിതഎന്ന് പറയാവുന്ന വിധമാണ് കുറിപ്പുകളിലെ പല ഭാഗങ്ങളും. ഇത് വായനയെ ഏറെ ഹൃദ്യമാക്കുന്നുണ്ട്. ഓരോ കുറിപ്പിന് മുൻപും ഓരോ കാവ്യശകലം ചേർത്തിട്ടുള്ളത് എഴുത്തുകാരിക്ക് കവിതയോടുള്ള അഭിമുഖ്യത്തിന് തെളിവാണ്. ഇത് കൂടാതെ തന്നെ സിനിമാഗാനങ്ങളുടെ സ്വാധീനവും എഴുത്തിൽ പ്രകടമാണ്. പുസ്തകത്തിന്റെ പേരിൽ നിന്ന് തന്നെ വായനക്കാർ അത് ഊഹിച്ചിരിക്കുമല്ലോ.
ഒപ്പം തന്നെ ഒരു രേഖാചിത്രം വരയ്ക്കുന്ന സൂക്ഷ്മതയോടെയും കൃത്യതയോടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നുമുണ്ട്. ("വീട്ടിൽ കയറി വരുന്ന ഏതൊരാളുടെയും വയറ്റിലേക്ക് ആദ്യം നോക്കുകയും ഊട്ടി സ്വന്തം മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന മുത്തശ്ശിയുടെ വെളുത്ത മുണ്ടും റൗക്കയും അതേപോലെ വെളുത്ത തലമുടിയും അതിനേക്കാൾ വെളുത്ത മനസ്സും നഷ്ടമായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു തിരുവാതിരക്കാലത്ത് സ്വർഗ്ഗവാതിൽ ഏകാദശിനാൾ പ്രസന്നമായ മുഖത്തോടെ നടന്നു പോയ മുത്തശ്ശി') വിഷുവിന് ഏട്ടന്മാർ മുറ്റത്തേയ്ക്ക് ഓലപ്പടക്കം കത്തിച്ചെറിയുമ്പോൾ ഈ മുത്തശ്ശിയുടെ ചൂടേറ്റ് ചരുണ്ടുകൂടി ഇരിക്കും എന്നെഴുതി മുത്തശ്ശിയെപ്പറ്റി വായനക്കാരെ മനസ്സിലാക്കുന്നതാണ് ബ്രാക്കറ്റിൽ ചേർത്ത വരികൾ. ഏതാനും വാക്കുകൾ കൊണ്ട് കഥയും കഥാപാത്രങ്ങളെയും മെനയുന്ന മികവ് എഴുത്തിനുണ്ട്.
മറ്റുള്ളവരുടെ വേദനകൾ സ്വന്തമെന്നോണം അനുഭവിക്കുന്ന ഒരെഴുത്തുകാരിയെയും ഇതിൽ നമുക്ക് കാണാം. കൂടെ ജോലി ചെയ്തിരുന്ന ആഫ്രിക്കാരനും കൈ പിടിച്ചു നടന്നിരുന്ന കൊച്ചു കുട്ടിയും ക്യാൻസർ ബാധിച്ചു ജീവിതത്തോട് പൊരുതുന്ന പലരും എന്നിങ്ങനെ ജീവിതവും മരണവും തമ്മിലുള്ള ഏറ്റു മുട്ടലിൽ ജീവിതത്തോട് സഹതപിക്കുന്ന ഒരു മനസ്സ് നമുക്ക് കാണാം. കണ്ണുകൾ നഷ്ടപ്പെട്ടിട്ടും സ്വപ്നങ്ങളെ നഷ്ടപ്പെടുത്ത ബിന്ദു സന്തോഷിന്റെ ജീവിതത്തെ ഹൃദയസ്പർശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്യാൻസർ ബാധിതർക്കായി മുടി മുറിച്ചു നൽകുവാൻ വേണ്ടി ഉള്ളിന്റെ ഉള്ളിലെ പെണ്ണിനെ അടക്കി നിർത്തി മനുഷ്യസ്നേഹത്തിന് മുൻഗണന നൽകിയ ധീരതയും ശ്‌ളാഘനീയമായി വായനക്കാർക്ക് തോന്നാം. മാതൃത്വത്തിനും പിതൃത്വത്തിനും അത് ലോകത്തിൽ എവിടെയാണെങ്കിലും ഒരു മുഖമേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന എഴുത്തുകാരിയുടെ ഓരോ കുറിപ്പിലും മാനവികതയുടെ മൃദുസ്പർശം ഉണ്ട്. അത് കൊണ്ട് തന്നെ ഭാവിയിൽ നന്മയുടെ എഴുത്തിനും പ്രവർത്തിക്കുമുള്ള സാധ്യത ഊട്ടി ഉറപ്പിക്കുന്നതാണ് ഈ പുസ്തകം.
ചുരുക്കത്തിൽ, മികച്ച വായനാനുഭവം നൽകുന്ന നല്ല ഒരു ഓര്മക്കുറിപ്പുകളുടെ പുസ്തകമാണ് ശ്രീകല എഴുതിയ 'ഈ ചില്ലയിൽ നിന്ന് കൗമാരകാലത്തിലേക്ക് പറക്കാം' എന്ന പുസ്തകം.
"ഈ ചില്ലയിൽ നിന്ന് കൗമാരകാലത്തേക്ക് പറക്കാം." - പി ശ്രീകല
ആസ്വാദനം - പോൾ സെബാസ്റ്റ്യൻ
പ്രസാധനം - ഒലിവ്
പേജ് - 114
വില - 130 രൂപ