advertisement
Skip to content

കൈക്കൂലിക്കാരുടെ നടുവൊടിക്കേണ്ടിവരും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചു വിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ ജീവകാരുണ്യ സേവനങ്ങളുടെ വിതരണം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കുന്നു.



ഉദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്കു സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്കു സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



ഇന്ത്യയുടെ ടൂറിസം മേഖല കുതിക്കുകയാണ്. 2023 ല്‍ 92 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ഇന്ത്യയില്‍ എത്തിയത്. രണ്ടേകാല്‍ ലക്ഷം കോടി രൂപയുടെ വിദേശ നാണ്യം ടൂറിസത്തിലൂടെ നേടി. ഈ നേട്ടത്തിനു പിറകില്‍ രാജ്യത്തെ ഹോട്ടലുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഭക്ഷ്യസുരക്ഷ, മാലിന്യ സംസ്‌കരണ നിയമങ്ങളുടെ പേരില്‍ ഹോട്ടലുടമകള്‍ നേരിടുന്ന പ്രയാസങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്യും. അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എക്‌സലന്‍സി അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ചു. മലിനീകരണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ ഹോട്ടലുടമകള്‍ നേരിടുന്ന പ്രയാസങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നു മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഷെഫ് ലത, എസ്.കെ. നസീര്‍ എന്നിവര്‍ക്കും സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച ലുലു കണ്‍വന്‍ഷന്‍ സെന്ററിനും പുരസ്‌കാരം നല്‍കി.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, ബിജെപി തൃശൂര്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, ക്ലാസിഫൈഡ് ഹോട്ടല്‍സ് അസോസിയേഷന്‍ നേതാവ് ജി.ഗോപിനാഥ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ ഗീതിക വര്‍മ, ജനറല്‍ മാനേജര്‍ ശ്യാം സ്വരൂപ്, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാള്‍, ട്രഷറര്‍ മുഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമ സെമിനാറില്‍ മാതൃഭൂമി തൃശൂര്‍ ബ്യൂറോ ചീഫ് സി.കെ. രാജശേഖരന്‍, ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായ, എക്‌സ്പ്രസ് എഡിറ്റര്‍ ഡേവിസ് കണ്ണനായ്ക്കല്‍, സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം തൃശൂര്‍ ജില്ലാ സെക്രട്ടറി ജോയ് എം. മണ്ണൂര്‍, ദേശാഭിമാനി ലേഖകന്‍ കെ.എ. നിധിന്‍നാഥ്, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാള്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ സി. ബിജുലാല്‍, പ്രസാദ് ആനന്ദഭവന്‍, ട്രഷറര്‍ മുഹമ്മദ് ഷെരീഫ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി ഫ്രാങ്കോ ലൂയിസ് മോഡറേറ്ററായിരുന്നു. വൈകുന്നേരം കുടുംബസംഗമവും മെഗാഷോയും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest