2022 കടന്നു പോകുന്നു. ഒരു വർഷം! എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞുവീണത്! പൂമരങ്ങളിൽ നിന്നും കൊഴിഞ്ഞുവീഴുന്ന പൂക്കളെപ്പോലെ ഓരോ ദിനവും കടന്നുപോയത് തിരിഞ്ഞു നോക്കുകയാണു ഞാൻ.
2022 ആരംഭിച്ചത് ഒരാശ്വാസത്തോടെയാണ്. കോവിഡ് മഹാമാരി ലോകത്തെ തടവിലിട്ട 2020-ഉം 2021-ഉം വിടപറയുമ്പോൾ ലോകം ഒന്നായി പ്രാർത്ഥിച്ചത് ഇനിയൊരു തടവുശിക്ഷ നൽകരുതേ എന്നാണ്. എന്നിട്ടും ജനുവരി മാസം ഒമിക്രോൺ ചെറിയ ഭീഷണി ഉയർത്തി നിലകൊണ്ടു. എങ്കിലും ആ ഭീതി അതിവേഗം ഒഴിഞ്ഞുപോയി. പത്രങ്ങളിലെ കോവിഡ് കണക്കുകളുടെ ഒരു സ്ഥിരം കോളം അപ്രത്യക്ഷമായി. അതോടെ കാർമേഘം അകന്നുപോയെന്നു നമ്മൾ സമാധാനിച്ചു. അപ്പോഴാണ് മറ്റൊരു ചുഴലിയുടെ മേളപ്പദം ഉയർന്നത്. യുദ്ധം! ഒരു മൂന്നാം ലോകയുദ്ധമെന്നു നമ്മൾ ചിന്തിച്ചു. ലോകമഹായുദ്ധമെന്ന മട്ടിലേക്കു മാറിയില്ലെങ്കിലും, യുക്രെയിനുമേൽ റഷ്യൻ മിസൈൽമഴ ഇന്നും വർഷിക്കപ്പെടുന്നു. യുദ്ധം തുടങ്ങിയപ്പോൾ നമ്മളും നടുങ്ങി, നമ്മുടെ കുട്ടികളുമുണ്ട് യുക്രെയിനിൽ… മാതാപിതാക്കളുടെ ദുഃഖം നമ്മുടെ മാധ്യമങ്ങൾക്ക് പതിവുപോലെ കുറച്ചുദിവസം ചാകരയായി. അനിശ്ചിതാവസ്ഥ വിറ്റു കാശാക്കാൻ നമ്മുടെ മാധ്യമങ്ങൾക്കുമുന്നിൽ മറ്റാരുമില്ലെന്ന് ഒരു ഉളുപ്പുമില്ലാതെ എല്ലാവരും ഒത്തുചേർന്നു ലോകത്തെ ബോധ്യപ്പെടുത്തി! പിന്നീട് നമുക്ക് യുക്രെയിൻ യുദ്ധം ഒരു യുദ്ധമേ അല്ലാതായി.
പിന്നീടു കുറച്ചു കാലം അല്ലറ ചില്ലറ കൊലപാതകവാർത്തകളും, രാഷ്ട്രീയ തന്ത്ര കുതന്ത്ര വാർത്തകളുമായി മുന്നോട്ടു പോകവേയാണ് നമ്മളാകെ ഞെട്ടി മരിച്ചത്. നരബലി എന്ന വാക്കും വാർത്തയും നമ്മളെ ഞെട്ടിച്ചു, മാധ്യമങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റു. ഇതിനിടയിൽ ധാരാളം പെൺകുട്ടികൾക്ക് പ്രണയ പകയിൽ ജീവൻ നഷ്ടമായി. അത്തരം കുട്ടികളുടെ സദാചാര ഭ്രംശനത്തെക്കുറിച്ച് വീടിന്റെ അകത്തളങ്ങളിലും മദ്യപാന സദസ്സുകളിലും കഥകൾ മെനഞ്ഞു നമ്മൾ സന്തോഷിക്കുകയും, ഫേസ്ബുക്കിൽ ആ പെൺകുട്ടികളുടെ വേർപാടിൽ നൊന്ത് കവിതകൾ എഴുതുകയും ചെയ്തു! അതുകഴിഞ്ഞ് അവൾ വന്നു. ജ്യൂസ്, കഷായം തുടങ്ങിയ വാക്കുകളെ കൊലപാതകത്തിന്റെ പര്യായമാക്കി മാറ്റിയ സുന്ദരി പെൺകൊടി, ആദ്യം നിഷ്കളങ്കതയുടെ നിറകുടമാകുന്നതും, പിന്നീട് കാപട്യത്തിന്റെ കാളകൂടമാകുന്നതും നമ്മൾ കണ്ടുനിന്നു. പെട്രോൾ ഒഴിച്ച് കാമുകിയെ കത്തിച്ച കാമുകനു വീരപരിവേഷം ചാർത്തി നൽകിയവരുടെ മുട്ട് കൂട്ടിയിടിച്ചു തുടങ്ങി. ചിലപ്പോൾ ഇനിയൊരു ഫ്രൂട്ടി പണി തരില്ലെന്നാരു കണ്ടു,
ഇതിനിടയിൽ പ്രണയം എന്നത് ഒരു ഒന്നാന്തരം തട്ടിപ്പ് ഇടപാടാണെന്ന് ജാതിമത ലിംഗ പ്രായഭേദമന്യേ മലയാളി തിരിച്ചറിഞ്ഞുതുടങ്ങി. ചിലപ്പോൾമാത്രം നമ്മൾ നടിയുടെ കേസും അതിലെ ദിലീപിന്റെ ഇടപെടലും ചർച്ചചെയ്തു.
പിന്നെ മറ്റൊരു വലിയ കാര്യമുണ്ടായി. സ്വർണം ആഭരണമായി അണിയാനുള്ളതാണെന്നും, ബിസ്ക്കറ്റാക്കി അറയിൽ വെച്ചുപൂട്ടാനുള്ളതാണെന്നുമുള്ള തെറ്റിദ്ധാരണ ലോകത്തിനു മാറിക്കിട്ടി! അതിന് ലോകം എക്കാലവും മലയാളികളോടു കടപ്പെട്ടിരിക്കും. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇരിക്കാനുള്ള കുഷനായി പൃഷ്ഠത്തിൽ ഒളിപ്പിച്ചു വയ്ക്കാമെന്നും ഏത് എക്സ്റേ പരിശോധനയിലും അത് കസ്റ്റംസ് കണ്ടെത്തില്ലെന്നും നമ്മൾ കണ്ടെത്തി! എന്നാലിത് പോലീസ് കണ്ടു പിടിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെന്നെതു മറക്കുന്നില്ല.
അടുത്തത് മയക്കുമരുന്നു ലോബികൾ, അവരുടെ വിലാസരംഗം സ്‌കൂൾ കുട്ടികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്ന വാർത്തയാണ്. നിത്യവും ഒരു കൊലപാതകമെങ്കിലും ഉണ്ടാക്കാൻ കഞ്ചാവ് മയക്കുമരുന്നു ലോബി പ്രതിജ്ഞാബദ്ധമാണിന്ന്!
2023-ഉം വ്യത്യസ്തമാകില്ല എന്നുറപ്പ്. അഭ്യസ്തവിദ്യർ കാനഡയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കൂടും കുടുക്കയുമെടുത്തു ചേക്കേറുന്നത് ഒരു തുടർ സംഭവമായിത്തുടരും…
അങ്ങനെ 2022 വിട പറയുന്ന ഈ വേളയിൽ ഞാൻ നിങ്ങളോട് ഇനി എന്താണു പറയേണ്ടത്? 2022 ൽ എന്റെ പുസ്തകമൊന്നും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ആ ക്ഷീണം തീർക്കും എന്ന് ഒരു നിശ്ചയം മാത്രമാണ് 2023 തുടങ്ങുമ്പോൾ വ്യക്തിപരമായി എനിക്കു മുന്നോട്ടു വെയ്ക്കാനുള്ളത്. സൗഹൃദങ്ങൾ പഴയതുപോലെ ദൃഢമാണ്. ജീവിതം ഇങ്ങനെ ഒഴുകുന്നു. യുദ്ധമില്ലാത്തൊരു ലോകം പ്രതീക്ഷയാണ്.
ഏവർക്കും നന്മ നിറഞ്ഞൊരു പുതുവത്സരം നേരുന്നു.