advertisement
Skip to content

അനിൽ പുത്തൻചിറ കണ്ട ഫോമാ കൺവെൻഷൻ

മലയാളി കമ്മ്യൂണിറ്റിയിലെ ദീർഘകാല അംഗമായാലും അല്ലെങ്കിൽ ആദ്യമായി കൺവെൻഷനിൽ പങ്കെടുക്കുന്ന ആളായാലും, അവിടെയുള്ളവരുടെ സാന്നിധ്യം നമ്മുടെ പ്രവാസി മലയാളികളുടെ ഊർജ്ജസ്വലമായ ചൈതന്യത്തിൻറെയും സ്ഥായിയായ ശക്തിയുടെയും തെളിവാണ്.

ഇതൊരു paid റിവ്യൂ അല്ല! പണം വാങ്ങിയുള്ള അവലോകനമല്ലാത്തതുകൊണ്ടു തന്നെ, ആരേയും വെള്ളപൂശാനോ, മറച്ചു വെക്കാമായിരുന്ന കാര്യങ്ങൾ പൂഴ്ത്തിവെക്കാനോ ശ്രമിച്ചിട്ടില്ല!

ആകർഷിച്ചത്: പരിചിതമായ മുഖങ്ങളാലും പുനരുജ്ജീവിപ്പിച്ച സൗഹൃദങ്ങളാലും ചുറ്റപ്പെട്ട് Punta Cana-യിൽ താമസിക്കുന്നതിലെ സന്തോഷം; ഇത്രയും കാലത്തിനു ശേഷം കണ്ടുമറന്ന മുഖങ്ങൾ വീണ്ടും കാണാൻ കഴിഞ്ഞതിലെ സന്തോഷം!

ചുക്കില്ലാത്ത കഷായമില്ല എന്നതുപോലെ, പരിപാടികൾ കളറാക്കുന്ന അനിയൻ ജോർജ്, ന്യൂജേഴ്‌സിയിൽ പ്രാമാണ്യവും സ്വാധീനശക്തിയുമുള്ള ജിബി, ഇടിക്കുള, ജിഷോ, ആനി ലിബു; KSNJ താരങ്ങളായ ജിയോ, ഷിജോ പൗലോസ്, സോബിൻ, ബോബി, ഷൈബു, മസാറ്റോ ടോം...

കടത്തനാടൻ അമ്പാടി, ആവനാഴി, എന്നെന്നും കണ്ണേട്ടൻറെ തുടങ്ങി ഒരു പിടി നല്ല സിനിമകൾ മലയാളികൾക്ക് നിർമ്മിച്ച് നൽകിയ സാജൻ ചേട്ടൻ & മിനി ചേച്ചി; ഒരുപാട് ഗായകരേയും, സിനിമാ/ സീരിയൽ താരങ്ങളേയും മലയാളികൾക്ക് ഷോയിലൂടെ പരിചയപ്പെടുത്തിത്തന്ന സജി ഹെഡ്ജ്; ക്യാമറയുമായി എങ്ങും നിറഞ്ഞ സോദരൻ; ശ്രവണ അനുഭവങ്ങളെ പൂർണ്ണതയുടെ തലത്തിലേക്ക് ഉയർത്തുന്ന ബിനോയ്..

Heavy Weight ഷാജി എഡ്‌വേഡ്‌; മുഖത്തെപ്പോഴും പുഞ്ചിരിയുമായി നടക്കുന്ന പ്രദീപ് നായർ; ഫോണിലൂടെ ദീർഘനേരം സംസാരിച്ചിട്ടുള്ള വിൻസൻ പാലത്തിങ്കൽ; നേരിട്ട് അധികം കണ്ടിട്ടില്ലെങ്കിലും വന്ന് പരിചയപ്പെട്ട തോണിക്കടവിൽ, സ്നേഹത്തിൽ സംസാരിക്കുന്ന മാത്യൂ ഫ്രാൻസിസ്, ജോസ് എബ്രഹാം, ചെറിയാൻ, ചാണ്ടി, മനോജ്, കട്ട ദോസ്ത് ബിനു ജോസഫ്...കഴിഞ്ഞ തവണ കണ്ടപ്പോൾ എവിടെ നിറുത്തിയോ, നിർത്തിയിടത്ത് നിന്ന് തന്നെ ഒരു ഇടവേളയുമില്ലാതെ, സമയം കടന്നുപോയിട്ടില്ലെന്നപോലെ ഉള്ള സംഭാഷണങ്ങളും ചിരികളും.

വളരെയധികം മതിപ്പുളവാക്കിയത്! അസാധാരണമായ ദീർഘവീക്ഷണവും, സൂക്ഷ്മമായ ആസൂത്രണവും ഉറപ്പാക്കാൻ ശ്രമിച്ച ഓജസ് ജോൺ; ഏറ്റുമുട്ടൽ ഭാഷയില്ലാത്ത, സംസാരത്തിലുടനീളം ശാന്തവും മാന്യവുമായ ടോൺ ഉപയോഗിക്കുന്നത് കണ്ട ജോസ് മണക്കാട്ട്; തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനായി അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന അനു സ്കറിയ; പ്രസിഡൻറ് ഡോക്ടർ ജേക്കബിൻറെ കണ്ണ് എല്ലായിടത്തും എത്തുന്നതായി തോന്നി. അങ്ങനെ പേര് പറഞ്ഞാൽ തീരാത്തയത്ര എത്രയോ ആളുകൾ...

മൃഗീയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും ആരേയും അവഹേളിക്കാതെ അതിരുകടക്കാതെ, ആഹ്ലാദപ്രകടനം മാന്യമായി നടത്തിയ വിജയികൾ; തിരഞ്ഞെടുപ്പിലെ ജനവിധി ഒരു മടിയുമില്ലാതെ അംഗീകരിച്ച എതിർ സ്ഥാനാർത്ഥികൾ.

"ചട്ടീം കലവുമാകുമ്പോൾ തട്ടീം മുട്ടീം ഇരിക്കും" എന്ന് പറയുന്നതു പോലെ, ചെറിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഒരു സംഘടനയും കടന്നുപോകില്ല! പക്ഷേ ഒരു പ്രോഗ്രാം നടക്കുമ്പോൾ, ഭാരവാഹികൾ "പാറപ്പുറത്ത് ഓന്ത്‌ ഇരിക്കുന്നതുപോലെ" ഇരിക്കാതെ, എല്ലാവരും ഒറ്റക്കെട്ടായി ഒരുമനസാലെ മുന്നോട്ടുപോകുന്നതാണ് കാണാൻ ഭംഗി.

നിരാശ സമ്മാനിച്ചത്: ഉത്ഘാടന ദിവസം സ്റ്റേജ് അമിതമായി സംസാരിക്കുന്നവരാൽ നിറഞ്ഞിരുന്നു, ഹാളിൽ അനന്തവും ഏകതാനവുമായ സംസാരം നിറഞ്ഞു! ഇടതടവില്ലാത്തതും മടുപ്പിക്കുന്നതുമായ സംസാരത്തിൽ നിന്ന് രക്ഷപ്പെടാൻ കൊതിക്കുന്ന ജനം!! തൽഫലമായി, ഹാൾ പെട്ടെന്ന് ശൂന്യമായിത്തീർന്നു, ആരംഭത്തിൽ നിറഞ്ഞ ഉദ്ഘാടന സദസിലെ ഒഴിഞ്ഞ കസേരകൾ, വേദിയെ നോക്കി പല്ലിളിച്ചു.

Barceló Bávaro 5 സ്റ്റാർ ആണെന്ന് എവിടെയോ വായിച്ചു! ഒരുകാലത്ത് മഹത്തായിരുന്നിരിക്കാം, പക്ഷേ ഇപ്പോൾ റിസോർട്ട് ജീർണിച്ച അവസ്ഥയിലാണ് എന്ന് പറയേണ്ടി വരുന്നതിൽ ദുഖമുണ്ട്, മുൻപ് താമസിച്ചിരുന്ന അതിഥികളുടെ തേങ്ങലുകളുടെ പ്രതിധ്വനികൾ നീണ്ടുനിൽക്കുന്നതായി തോന്നുന്ന ഒരു പഴയ കാലഘട്ടത്തിൻ്റെ അവശിഷ്ടമായി റിസോർട്ട് അനുഭവപ്പെട്ടു!

വലിച്ചടച്ചാലും അടയാത്ത, ചവുട്ടിയാലും തുറക്കാൻ മടിക്കുന്ന മുൻ വാതിൽ; ഒരിക്കൽ തിളങ്ങുന്ന വെള്ളനിറമുണ്ടായിരുന്ന ബാത്രൂം ടൗലുകൾ, വർഷങ്ങളുടെ ഉപയോഗത്താൽ നിറം മങ്ങി കാലഹരണപ്പെട്ടതും നന്നായി ഉപയോഗിച്ചതുമായ രൂപം പ്രാപിച്ചിരുന്നു.

ഉയർന്നതും താഴ്ന്നതുമായ നടപ്പാത പരിതാപകരമായ നിലയിലായിരുന്നു! നടപ്പാതകളുടെ അവസ്ഥ പ്രത്യേകിച്ച് കുറഞ്ഞ വെളിച്ചത്തിൽ, ചില അതിഥികൾ രാത്രിയിൽ കാൽതെറ്റി വീഴുന്ന നിർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചു.

താമസത്തിലുടനീളം ബുഫെ മാറ്റമില്ലാതെ തുടർന്നു, എല്ലാ ദിവസവും ഒരേ ഭക്ഷണമായിരുന്നെന്ന് തോന്നി! ഭക്ഷണം വലിയ സ്വാദില്ലാത്തതും അവിസ്മരണീയമായ ഡൈനിംഗ് അനുഭവം നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ഒരു വശത്ത് കൊട്ടയിലിരുന്ന് പൊട്ടി ഒഴുകിയ മുട്ട ഓംലെറ്റായി മാറിയപ്പോൾ; മറുവശത്ത് ചീഞ്ഞ പഴങ്ങൾ ജ്യൂസിൻറെ രൂപത്തിൽ ഗ്ലാസിൽ നിറഞ്ഞു, ഭക്ഷ്യ വിഷബാധ ആർക്കും ഉണ്ടായില്ലെങ്കിൽ അത് ദൈവത്തിൻറെ മറ്റൊരു കൃപ!!

ഹോട്ടൽ ജീവനക്കാർക്ക് ബേസിക് ഇംഗ്ലീഷ് പോലും സംസാരിക്കാൻ പറ്റാതെ വന്നത്, ആശയവിനിമയം ബുദ്ധിമുട്ടാക്കി! സംഭാഷണത്തിൽ ഏർപ്പെടുന്നതിലുള്ള ഭയത്താൽ, അവർ നേരിട്ടുള്ള നേത്ര സമ്പർക്കം ഒഴിവാക്കുന്നതായി തോന്നി!! ഹോട്ടലിൽ നിന്ന് വിമാനത്താവളത്തിലേക്കുളള മടക്കയാത്രക്കുള്ള കാര്യങ്ങൾ ശരിയാക്കാനും വിചാരിച്ചതിലധികം സമയമെടുത്തു. ട്രാൻസ്‌പോർട്ടേഷൻ ഒരു പരിധി വരെ പരാജയമായിരുന്നു എന്ന് പറയേണ്ടി വരും.

ആയിരം ആളുകൾ പങ്കെടുത്തു എന്ന് കരുതുക, ഒരു വ്യക്തി ആയിരം ഡോളർ മിനിമം ചിലവ് ചെയ്തായിരിക്കും Punta Cana-ക്ക് വന്നിട്ടുണ്ടാകുക. $1,000 * 1000 = 1 മില്യൺ.. ഇത്രയും പണം ചിലവു ചെയ്തു വരുന്നവർക്ക് താമസിക്കാനായി ഒരു decent സ്ഥലവും, കുറച്ചു നല്ല ഭക്ഷണവും നൽകുന്ന കാര്യത്തിൽ കൺവെൻഷൻ പരാജയപ്പെട്ടു എന്നാണ് എനിക്ക് തോന്നിയത്...

ലേഖകൻറെ അഭിപ്രായം ലേഖകൻറെ മാത്രമാണ്... നിങ്ങളുടെ അനുഭവം അങ്ങനെയായിക്കൊള്ളണമെന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest