കാലം തെറ്റിയുള്ള
എല്ലാ മരണങ്ങളിലും
ഒരു ആത്മഹത്യയുടെ അരുചിയുണ്ട്.
1.
ആര്യാവർത്തത്തിലെ പകലുകൾക്ക്
കടുംനിറം കയ്ക്കുന്നുന്നുണ്ടായിരുന്നു.
മണ്ണുതിന്നു മരിച്ച
കുട്ടികളുടെ ആത്മാക്കൾ
മോക്ഷം തേടി
വഴിയിലൂടെ ഇഴഞ്ഞു
തെരുവ് , തണുത്ത ഒരുടൽ.
പതിഞ്ഞെത്തുന്ന കാലൊച്ചകളിൽ
പേയുടെ നായ്ചൂരറിഞ്ഞ്
അവശേഷിച്ച വിധവകൾ
വാതിലടച്ചു
കിതച്ചു
അനാഥമായ തപാൽപെട്ടിക്കുള്ളിൽ
യാത്ര നഷ്ടപ്പെട്ട കവിതകൾ,
കാറ്റ്,
മേഘങ്ങൾ
2
ആമ്പൽപ്പൂവിന്റെ പ്രേമം
പാഴാവുന്ന അമാവാസി രാത്രി
തങ്ങൾക്കു മാത്രം തിരിച്ചറിയാവുന്ന
ചില ഗന്ധങ്ങളോട്
നായ്ക്കൾ കുരയ്ക്കുമ്പോൾ
നമുക്ക് ആരെയോ
നഷ്ടപ്പെടുന്നുണ്ട്
വഴുക്കലുള്ള വരമ്പിൽ നിന്ന്
എങ്ങോട്ടും വീഴാം
ഇടതു മരണത്തിലേയ്ക്കോ
വലതു ഭ്രാന്തിലേയ്ക്കോ
ഭ്രാന്തിന്റെ വെളിമ്പുറങ്ങളിലാണ്
എന്നും
സ്വയംഹത്യയുടെ ഒളിയിടങ്ങൾ
പ്രിയേ, ക്ഷമിക്കുക
കാതുകൾ കുമ്പിളുകളാവുന്നത്
മധുരം മാത്രം വിളമ്പാനല്ല,
വിഷക്കോപ്പയാകാനും കൂടിയാണ്
3
വെയിൽ തിളയ്ക്കുന്ന നഗരം
ഒരു നിമിഷം നിശബ്ദമാകുന്ന അപൂർവതയിൽ,
ഒരു മൃതദേഹം
നാമറിയാതെ യാത്രയാകുന്നുണ്ട്
കരവലയത്തിൽ
നിന്റെ അഭാവം പിടയുമ്പോൾ
പ്രണയം അഴിച്ചുവിട്ട
ഭ്രാന്തിന്റെ കാളക്കൊമ്പുകളിൽ
ഞാൻ മുറിപ്പെടുന്നു
4
ആത്മഹത്യയുടെ
ഒന്നാം മുനമ്പിൽ നിന്നും
ചാടി മരിച്ചവന്റെ പോസ്റ്റ്മോർട്ടം
അറവുകത്തിയുടെ മൂർച്ചയിൽ
സാർത്ഥകമാകുന്ന ഒരു കവിത,
തിരിച്ചറിയാത്ത ലിപികളിൽ
തലച്ചോറിന്റെ താളുകളിൽ.
പക മുറ്റിയ ചിന്തയും
പുക മുടിയ ഫലിതങ്ങളും പകർത്തിയ
അടരുകൾക്കിടയിൽ
ചോറിലെ മുടിനാരു പോലെ
ഒരിക്കലും പെറാത്ത
ഒരു മയിൽപ്പീലിത്തുണ്ട്
സഖീ,
പുറംപൂച്ചുകളഴിച്ച്
എന്റെ സ്നേഹം അടിയുടുപ്പാക്കുമ്പോൾ
ഓർത്തുവോ,
ഒളിപ്പിച്ച നഖമുനകളുമായി കുറുകുന്ന
വലിയ പൂച്ചയാണീ രാത്രി
5 .
മരം കയറ്റത്തിന്റെ
ദർശനവ്യാപ്തിയറിയായ്കയാൽ
അമ്മമാർ തെരഞ്ഞെടുക്കുന്നത്
കിണറുകളാണ്
മുഖവും മനസും
ആടുകൾക്ക് പകർന്നിട്ടാണ്
അമ്മമാർ അകലുന്നത്
അറവുമേശയിലെ
ആട്ടിൻതല നോക്കുക.
ശ്രീബുദ്ധന്റെ
സ്ത്രൈണമായ പുഞ്ചിരി കാണാം.
6
ആത്മഹത്യയുടെ
രണ്ടാം ശിഖരത്തിൽ നിന്നും
അഴിച്ചിറക്കിയ ദേഹത്തിന്റെ മഹസ്സർ
ഏതു കവിതയെക്കാളും
കനമുള്ള തെളിവുകൾ
മാന്തിയ തുടകൾ
ചോരച്ചുന്തിയ മിഴികൾ
കയറിന് കുറ്റബോധമില്ല.
ചകിരി ഞരമ്പുകളിലോടുന്ന
വംശ രക്തത്തിലഭിമാനിച്ച്
അതു ചുരുണ്ടു കിടന്നു.
ഭീഷണമായ ചിരിയൊളിപ്പിച്ച്
ഫണം നിർത്തിയുയരാനാഞ്ഞ്.
തന്നെ നോക്കി ഭയന്ന്
പിൻവലിഞ്ഞ കുട്ടിയുടെ
കഴുത്തു നോക്കിയങ്ങിനെ..
ശ് ശ് ശ്
7
കൊതുകു വലയ്ക്കുള്ളിലെ
അമർഷങ്ങളും
ചിമ്മിനി തുപ്പുന്ന നെടുവീർപ്പുകളും
അതിരു കടക്കുന്ന സർവേക്കല്ലുകളും
കാണുന്നില്ലേ ?
നമുക്കിനിയും ആയുധം വേണം
വിരൽ തൊട്ടാൽ
വിജൃംഭിക്കുന്ന കാഞ്ചികൾ
സ്രവിക്കുന്ന 'കുഴലുകൾ
സ്വയം നിറയൊഴിക്കുന്ന ആത്മഭോഗങ്ങൾ
വെയിലാറിയ മുറ്റത്ത്
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന
കൂട്ടി ഭയന്നു
നൂൽ കൈകൾ പരതിയെടുത്തത്
ചോരപുരണ്ട ഒരു വെടിയുണ്ട !
8
ആത്മഹത്യയുടെ
നാലാം നിലയിൽ നിന്നും
നാലുവരിപ്പാട്ടിന്റെ പതർച്ച.
ചോരയും ചെളിയും ചിന്തയും കുഴഞ്ഞ്,
ജീവിതവും കലയും അളിഞ്ഞ്,
പാണന്റെ തുടിയുടെ
തുകല് കീറുന്ന ഒരൊച്ച.
അണുകുടുംബങ്ങളോ
ആൾക്കൂട്ടങ്ങളോ അതു കേട്ടില്ല
തുടർന്ന്,
ഏതാനും മണിക്കൂർ നേരത്തേയ്ക്ക്
ജോൺ എന്ന പേരു നഷ്ടപ്പെട്ട
മൃതദേഹം,
മോർച്ചറിയുടെ വാതിൽ തുറന്ന്,
ഇടയ്ക്കിടെ പുറത്തേക്കു നോക്കി
തന്നെ തിരിച്ചറിയാത്തവരെ
തിരിച്ചറിഞ്ഞ് മടങ്ങി.
ഉള്ളിയും തൂവാലയും
വിൽക്കുന്ന തെരുവിൽ
നഗരം അതിന്റെ
പതിവു പംക്തികൾ വായിച്ചു
പ്രിയേ, പൊറുക്കുക.
പേപ്പട്ടി കടിക്കും പോലെയാണ്
നേരിന്റെ ചുംബനങ്ങൾ
9
ആത്മഹത്യയുടെ അഞ്ചാം വാർഡിൽ
വെളിച്ചമില്ലാത്ത പകൽ
സ്റ്റെതസ്കോപ്പിൽ
വിഷത്തിന്റെ തിരമാല
വെളുത്ത മേശ
വെളുത്ത കസേര
വെളുത്ത ഭിത്തികൾ
വെളള കിടക്ക
ചലച്ചിത്രമൊഴിയുന്ന തിരശീലയിലെ
ജലപാതം
ചങ്ങാതീ,
മരിച്ചവർ ആകാശത്തു നക്ഷത്രങ്ങളാകുമെന്ന
കിംവദന്തിയോർത്തു ചിരിച്ച്
ഞാൻ നിന്റെ കണ്ണുകൾ
തിരുമ്മിയടയ്ക്കുന്നു
വിഷമാകട്ടെ
വൃഥയാകട്ടെ
കരുതിയിരിക്കുക
സ്വപ്നങ്ങൾ അട്ടിമറിക്കപ്പെട്ടേക്കാം
ഞാൻ പ്രാർത്ഥിക്കുന്നു,
ഇല്ലാത്ത ഈശ്വരൻമാരോട്-
നിനക്കൊരീശ്വരനെ തരാൻ
10
ആത്മഹത്യാ ഗ്രാമത്തിലെ ആറാം നാൾ
അദൃശ്യരായവരുടെ ഒരു ജാഥ
തെരുവു നിറഞ്ഞു നീങ്ങുന്നു.
തീയെരിയുന്ന വേഷത്തിൽ
ബാൻഡു മുഴക്കുന്ന ബാലിക
പ്രണയത്തിന്റെ
ബലിച്ചോറു പുരണ്ട ചുണ്ടുമായി
മെല്ലിച്ച് ഇരുണ്ട ചെറുപ്പക്കാരൻ
പകലിൽ,
അച്ഛൻ അമ്മയെ ഭോഗിക്കുന്നതു കണ്ട്
ഇറങ്ങി നടന്ന്
പുഴയിൽ മറഞ്ഞ
അഞ്ചു വയസുകാരൻ
ബുദ്ധി കെട്ട നാൽവരെയും
നാടുവിട്ട നകുലനെയുമോർത്ത്
കുളത്തിലാഴ്ന്ന അമ്മ.
പിൽക്കാലത്തും ദൈവസന്നിധി കാണാത്ത
പഴയ വിപ്ലവകാരി.
(വിഡ്ഡി!
നിലവിളിക്കും കൊലവിളിക്കുമിടയിലെ
ദൂരം ഉടലുകൊണ്ടളന്നവൻ)
ഇനിയുമുണ്ട്,
പത്താംതരം തോറ്റമ്പിയ അനിൽ.
ആരോടോ പിണങ്ങി ബിജു.
ആരോടും പിണങ്ങാതെ പ്രകാശൻ.
മുഖക്കുരു മാറാത്ത നൊമ്പരത്തിൽ ഗീതു.
അപസ്മാരം മൂലം
വിവാഹം മുടങ്ങിയ നയോമി.
എവിടെ നിന്നോ വന്ന്
സ്കൂൾ തിണ്ണയിൽ അന്തിയുറങ്ങിയ ഗർഭിണി.
പിന്നെ -
സ്വന്തം ദേഹം ചിതയാക്കി
സ്വയമെരിഞ്ഞ ശ്രീധരൻ.
ആത്മഹത്യയുടെ വേദാന്തത്തെ
ആത്മാഹുതിയിലൂടെ
നിരാകരിച്ചവൻ !
സഖാവേ,
ഞാൻ തോൽക്കുന്നു.
നീ ഇനിയും
ഉച്ചരിക്കാത്ത വാക്കിന്റെ ശവം.
11
ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്നത്
സ്വയംഹത്യയുടെ
വൈദ്യുതക്കമ്പികളിലിരുന്ന്
വെളുത്ത പാട്ടുകൾ പാടാനാണ്
പറവയിറച്ചിക്ക് രുചിയേറും
ഒന്നുമോർക്കരുതെന്നു മാത്രം
മരിച്ച ഉറ്റവരെ.
പ്രിയപ്പെട്ട അപരിചിതരെ.
കളഞ്ഞ തൂവലുകളെ
തെങ്ങോലത്തുമ്പുകളിൽ
ഒഴിഞ്ഞ ഹൃദയങ്ങൾ പോലെ
കിളിക്കൂടുകൾ തൂങ്ങി
പടിഞ്ഞാറു നിന്നെത്തിയ കഴുകൻ മാത്രം
പച്ചയൊടുങ്ങിയ മരക്കൊമ്പിൽ
ഇരിപ്പുറപ്പിച്ചു
താക്കോൽ ദ്വാരത്തിലൂടെ കയറിയിറങ്ങിയ
ചൂടുകാറ്റ്
വാർത്താവിനിമയത്തിന്റെ
കുത്തക ഏറ്റെടുത്തു
മഞ്ഞബോർഡ് തെരയുന്ന
മദ്യാസക്തന്റെ ത്വരയോടെ
ഇരകൾ മരണം തേടി
ലോകാഗ്രത്തിലുള്ള
എന്റെ ഗ്രാമത്തിൽ
സ്വയംനാശത്തിന്റെ വൈറസുകൾ
പടർന്നു
12
അർദ്ധരാത്രിയിലാണ്
അവസാനത്തെ കത്തുകൾ
എഴുതപ്പെടാറ്.
ഒരു കയറിന്റെ നിഴൽ
അതിൻമേൽ വീണു കിടപ്പുണ്ടാകും
അടുത്ത പകലിനെ
പ്രതിക്കൂട്ടിലാക്കുന്ന
എന്തോ ഒന്ന്
ഉത്സവങ്ങൾ കാത്ത്
രുചികളിൽ മുഴുകുമ്പോൾ
നീ,
ലാവയണയുന്നത്
അറിയുന്നേയില്ല.
ആദർശവൽക്കരണം അരുത്,
കവിതയിലും മരണത്തിലും.
13
അടഞ്ഞ ചങ്ങാതിമുറികളിൽ
മുട്ടി വിളിക്കും മുമ്പ്,
ഞാൻ
നിലത്തേയ്ക്കു നോക്കാറുണ്ട്,
എറുമ്പുകളുടെ ഒരു നിര
സഞ്ചരിക്കുന്നുണ്ടോ എന്ന്.