ബംഗളൂരു: പ്രതിരോധമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 251 ധാരണാപത്രങ്ങൾ ഏയ്‌റോ 2023 പ്രദർശനത്തിൽ ഒപ്പുവയ്ക്കും. ഇന്നലെയാണ് ബംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ ഏയ്‌റോ 2023ന് തുടക്കമായത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ നാളെ നടക്കുന്ന ചടങ്ങിലാണ് വിദേശ കമ്പനികളും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിൽ കരാറൊപ്പിടുക.
സങ്കേതികവിദ്യകളുടെ കൈമാറ്റം, ഉത്പന്നങ്ങളുടെ അവതരണം, സംയുക്ത സംരംഭങ്ങൾ തുടങ്ങിയവയിലാണ് നിക്ഷേപമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ലോകത്തെ പ്രമുഖ പ്രതിരോധ കമ്പനികളുടെ സി.ഇ.ഒമാരുടെ വട്ടമേശ സമ്മേളനം ഇന്നലെ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. 'ആകാശം അതിരല്ല, അതിരുകൾക്കപ്പുറം അവസരങ്ങൾ" എന്ന ആശയത്തിലാണ് ചർച്ചകൾ. 'മേയ്ക്ക് ഇൻ ഇന്ത്യ" കാമ്പയിന് കൂടുതൽ കരുത്തേകാനും ഇന്ത്യയെ പ്രതിരോധ ഉത്പാദന കേന്ദ്രമാക്കാനും ലക്ഷ്യമിട്ടായിരുന്നു ചർച്ചകൾ.
26 രാജ്യങ്ങളിലെ പ്രതിരോധ കമ്പനികളുടെ സി.ഇ.ഒമാർ യോഗത്തിൽ പങ്കെടുത്തു. വിമാന നിർമ്മാതാക്കളായ ബോയിംഗ്, അമേരിക്കയിലെ വൻകിട പ്രതിരോധ നിർമ്മാതാക്കളായ ലോക്ക്ഹീഡ്, ഇസ്രയേൽ ഏയ്റോസ്പേസ് ഇൻഡസ്ട്രീസ്, ലീഭർ ഗ്രൂപ്പ് തുടങ്ങിയവയ്ക്ക് പുറമെ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് (ബി.ഇ.എൽ.), ബി.ഡി.എൽ., ബി.ഇ.എം.എൽ, മിശ്ര ദത്തു നിഗം ലിമിറ്റഡ്, സ്വകാര്യ കമ്പനികളായ എൽ ആൻഡ് ടി., ഭാരത് ഫോർജ്, ഡൈനാമറ്റിക് ടെക്നോളജീസ്. ബ്രഹ്മോസ് ഏയ്റോസ്‌പേസ് എന്നിവയുടെ സി.ഇ.ഒമാരും യോഗത്തിൽ പങ്കെടുത്തു.