ദുബൈ: മരണപ്പെട്ട് 100 വർഷം കഴിഞ്ഞിട്ടും മഹാകവി കുമാരനാശാനെ മലയാള സാഹിത്യലോകം ഓർമ്മിക്കുന്നുണ്ടെങ്കിൽ അത് കവിതയുടെ ശക്തി കൊണ്ടാണ്. അത് മനസ്സിലാക്കിയാണ് ഞാൻ ഇന്നത്തെ കവിയല്ല നാളത്തെ കവിയാണെന്ന് ആശാൻ പറഞ്ഞത്. അത്രമാത്രം കവിത ആശാനിൽ ശക്തമായിരുന്നു. ആ ജീവിതത്തെ അടിമുടി സ്വാധീനിച്ചത് ശ്രീനാരായണ ഗുരുവാണ്. തുടക്കത്തിൽ തന്നെ എസ് എൻ ഡി പി യോഗത്തിന്റെ സെക്രട്ടറിയായ ആശാൻ സമൂഹത്തെ അറിഞ്ഞ കവിയായിരുന്നു. ആശാൻ്റെ കവിത എക്കാലത്തും ശക്തമാകുന്നത് അദ്ദേഹത്തിൻ്റെ കവിതയിൽ ആത്മസംഘർഷങ്ങളുടെ ആഴമുള്ളതുകൊണ്ടാണെന്നും കവിയും ഗാനരചയിതവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ പറഞ്ഞു.
കാഫ് ദുബൈയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ദുബായ് കെ.എം.സി സി യിൽ സംഘടിപ്പിച്ച 'കാഫ് കാവ്യചൈതന്യം' എന്ന പരിപാടിയിൽ ആശാൻ ചരമശതാബ്ദി പ്രഭാഷണം നടത്തിയ അദ്ദേഹം, പ്രബന്ധരചനാ മത്സര വിജയികൾക്ക് പുരസ്ക്കാരവും നൽകി.
ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ മോഹൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഷാജഹാൻ തറയിൽ, സമരൻ തറയിൽ, സുനിൽ കുളമുട്ടം എന്നിവർ എം. ടി. യെ അനുസ്മരിച്ച് സംസാരിച്ചു. മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗ്, എസ് ജയചന്ദ്രൻ നായർ എന്നിവരെ ഇ കെ ദിനേശൻ അനുസ്മരിച്ചു. സോണിയ ഷിനോയ് ആശംസകൾ നേർന്നു.
പഴയകാല പ്രവാസിയും സംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സമരൻ തറയലിനെ പരിപാടിയിൽ ആദരിച്ചു. അദ്ദേഹത്തെ രമേഷ് പെരിമ്പിലാവ് സദസിന് പരിചയപ്പെടുത്തി. റസീന കെ പി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കെ ഗോപിനാഥൻ പ്രബന്ധരചനാ മത്സരങ്ങളെക്കുറിച്ചു പറയുകയും ചെയ്തു. അഷറഫ് കാവുപുറം, അസി, ഷാഹിന എന്നിവർ നേതൃത്വം നൽകി. സി പി അനിൽകുമാർ നന്ദി പറഞ്ഞു.