advertisement
Skip to content

മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ

ഷിബു കിഴക്കേക്കുറ്റ്

78 സെൻ്റ് ഭൂമി സാധുക്കൾക്ക് വീട് നിർമ്മാണത്തിന് സൗജന്യമായി നൽകി പ്രവാസി മാതൃകയായി. ഉഴവൂർ സ്വദേശിയായ കിഴക്കേകുറ്റ് ചാക്കോച്ചനാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബർക്ക് വീട് നിർമ്മാണത്തിന് ഭൂമി സംഭാവന നൽകിയത്. ഭവനരഹിതരായ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "മനസോട് ഇത്തിരി മണ്ണ് കാമ്പയിൻ" ൻ്റെ ഭാഗമായാണ് ചാക്കോച്ചൻ ഭൂമി സൗജന്യമായി നൽകിയത്.

ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി, ഭൂമി കൈവശമുള്ളതും വീടില്ലാത്തതുമായ കുടുംബങ്ങൾക്ക് വീട് നിർമ്മാണം നടത്തുന്നതിനുള്ള നടപടികൾ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചിരുന്നു. മൂന്നാം ഘട്ടത്തിലാണ് സ്ഥലവും വീടും ഇല്ലാത്തവർക്ക് സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ സാമ്പത്തികം വില്ലനായി. ഈ സമയത്താണ് പ്രവാസിയായ കിഴക്കേക്കുറ്റ് ചാക്കോച്ചൻ സഹായ മനസ്സുമായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്. പഞ്ചായത്തധികൃതർ ഹൃദയം നിറഞ്ഞ നന്ദിയോടെ ചാക്കോച്ചന്റെ ഓഫർ സ്വീകരിച്ചു. തുടർന്ന് ചാക്കോച്ചന്റെ ഭാര്യ ഷിജി ചാക്കോച്ചനും മക്കളായ ആര്യയും ആരതിയും അമലും ഭൂമി നൽകുന്നതിനുള്ള സമ്മതപത്രം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദുവിന് കൈമാറി.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജൂ ജോൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജേഷ് ശശി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ഡോ: സിന്ദു മോൾ ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി എം മാത്യൂ, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിനി സിജു സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സണ്ണി പുതിയിടം , ജോമോൻ ജോണി,അർച്ചന രതീഷ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജൂ, ഉഷ സന്തോഷ് സെക്രട്ടറി ജിജി റ്റി എന്നിവർ പങ്കെടുത്തു.

ചാക്കോച്ചനും കുടുംബവും ഭൂമി നൽകിയതോടെ ലൈഫ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട പത്ത് കുടുംബങ്ങൾക്കു കൂടി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ഈ പത്ത് വീടുകളുടെ കൂടി നിർമ്മാണം പൂർത്തിയാവുന്ന തോടെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകിയ ഗ്രാമ പഞ്ചായത്തായി വെളിയന്നൂർ മാറും. ചാക്കോച്ചനെപ്പോലെയുള്ളവർ സമൂഹത്തിന് എന്നും മാതൃകയാണ്. ഇതുപോലെ നിരവധിപ്പേർ മുന്നോട്ടുവന്നാൽ കേരളത്തിൽ ഭവനരഹിതരും ഉണ്ടാകില്ല. ചാക്കോച്ചന്റെ ഈ പ്രവൃത്തിയും വെളിയന്നൂർ ഗ്രാമപഞ്ചായത്തധികൃതർ ഇതിനായി നടത്തിയ ഊർജിത ശ്രമവും ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടുമെന്നുറപ്പ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള പഞ്ചായത്തുകളും ജനപ്രതിനിധികളും വെളിയന്നൂർ ഗ്രാമപഞ്ചായത്തിനെ മാതൃകയാക്കിയാൽ നമ്മുടെ നാടും സ്വർഗമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest