മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃദേശമായ കേരളാ സംസ്ഥാനത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ അമേരിക്കയിലെ നിവാസികളായ മലയാളി സമൂഹത്തിൽ ഫോമാ എന്ന സംഘടനയുടെ തെരഞ്ഞെടുപ്പിൻറെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ "ടീം യുണൈറ്റഡ്" കൂടുതൽ കൂടുതൽ സംഘടനകളുടെ പിന്തുണയുമായി അതിവേഗം ബഹുദൂരം മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ഒത്തൊരുമിച്ച് ബേബിയുടെ ടീം യുണൈറ്റഡിൻറെ സ്ഥാനാർഥികൾക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. മത്സരാർഥികളായ ആറ് പേരും ഒരുമിച്ച് സ്വീകരണം ഏറ്റുവാങ്ങിയത് ടീം യുണൈറ്റഡിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് ശക്തി പകരുന്നതായിരുന്നു.
പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേലിൻറെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗ്ഗീസ്, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡൻറ് സ്ഥാനാർഥി ഷാലു പുന്നൂസ്, ജോയിൻറ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ്, ജോയിൻറ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ എന്നിവരുടെ ഒരുമിച്ചുള്ള സാന്നിധ്യം പങ്കെടുത്ത സംഘടനാ പ്രതിനിധികൾക്ക് എല്ലാ സ്ഥാനാർഥികളോടും നേരിട്ടുള്ള സംവാദത്തിനും പരിചയപ്പെടലിനും വേദി ഒരുക്കി.
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് (KSGNY), കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA), ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (NYMA), നോർത്ത് ഹെംസ്റ്റെഡ് മലയാളീ അസ്സോസ്സിയേഷൻ (NHMA), കേരളാ സെൻറർ (KERALA CENTER), ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസ്സിയേഷൻ (LIMA) തുടങ്ങി ലോങ്ങ് ഐലൻഡും ക്വീൻസും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി അംഗ സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളുമാണ് "ടീം യുണൈറ്റഡിന്" പിന്തുണ അറിയിച്ചുകൊണ്ട് മത്സരാർത്ഥികൾക്ക് സ്വീകരണം നൽകിയത്.
"ഫോമാ എന്ന പ്രസ്ഥാനത്തിൻറെ സർവ്വതോന്മുഖ പുരോഗമനത്തിനും, കൂടുതൽ മെച്ചപ്പെട്ട സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, യുവജനങ്ങളുടെ യൂത്ത് ഫോറം, വനിതകളുടെ വിമെൻസ് ഫോറം തുടങ്ങിയ ഫോറങ്ങളുടെ കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾക്കും പുതുമയാർന്ന പല പദ്ധതികളും നടപ്പിലാക്കുവാൻ 'ടീം യുണൈറ്റഡ്' പ്രതിജ്ഞാബദ്ധമാണ്. അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനാണ് 'ടീം യുണൈറ്റഡ്' നിങ്ങളുടെ മുൻപിൽ വോട്ടഭ്യർഥനയുമായി സമീപിച്ചിരിക്കുന്നത്. ഞങ്ങൾ ഈ ചുരുങ്ങിയ കാലം കൊണ്ട്തന്നെ യോജിച്ച് പ്രവർത്തിക്കുന്നതിന് മാനസികമായി തയ്യാറെടുത്തിരിക്കുകയാണ്. അതിനാൽ ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുന്റാ കാനയിലെ അതിമനോഹരമായ ബാഴ്സലോ ബവാരോ പാലസ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ നടക്കുന്ന ഇന്റർനാഷണൽ കൺവെൻഷനിൽ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്ത് ഞങ്ങൾ എല്ലാവര്ക്കും വോട്ട് തന്ന് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു" പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേൽ വന്നു കൂടിയ എല്ലാ സംഘടനാ ഭാരവാഹികളോടുമായി അഭ്യർഥിച്ചു.
സ്ഥാനാർഥികളെല്ലാവരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. തങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും പിന്തുണക്കും അവരെല്ലാവരും സംഘടനാ നേതാക്കൾക്കും പ്രതിനിധികൾക്കും പ്രത്യേക നന്ദി രേഘപ്പെടുത്തി.